തൃശൂർ- ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരിയിൽ നാടക സംഘത്തെ അക്രമിക്കുകയും നടൻ സുനിൽ സുഖദയുടെ കാറിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി കൊളത്തപ്പിള്ളി വീട്ടിൽ രജീഷി (33) നെയാണ് ആളൂർ സി ഐ എം ബി സുബിൻ , എസ്ഐ കെ എസ് സുബിന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് കുഴിക്കാട്ടുശ്ശേരി കമ്യൂണിറ്റി ഹാളിൽ നാടക റിഹേഴ്സൽ കഴിഞ്ഞ് കാറിൽ നാടകം അരങ്ങേറുന്ന അഷ്ടമച്ചിറ സ്കൂളിലേക്ക് പോവുകയായിരുന്ന നാടകസംഘത്തെയാണ് മൂന്നംഗ സംഘം അക്രമിച്ചത്. കാറിൽ ഉണ്ടായിരുന്ന കോടന്നൂർ ചക്കാലപറമ്പിൽ സഞ്ചു മാധവൻ (55) , വിവരമറിഞ്ഞ് ക്യാമ്പിൽ നിന്ന് എത്തിയ നടി നെടുമങ്ങാട് അനിൽ സദനത്തിൽ ബിന്ദു തങ്കം കല്യാണി (55) എന്നിവർക്കാണ് മർദ്ദനമേറ്റത് . ആകെ മൂന്ന് പേരാണ് അക്രമണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.