Sorry, you need to enable JavaScript to visit this website.

നിപ്പാ: വവ്വാലുകളുടെ വിശപ്പും ക്ലേശവും മനുഷ്യരെ കൊല്ലുന്നതെങ്ങനെ?

പട്ടിണി മരണത്തിലേക്കു നയിക്കുമെന്നത് ഒരു വസ്തുതയാണ്. ശാരീരിക ക്ലേശവും മരണത്തിലേക്കു നയിക്കും. എന്നാല്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നാണ് നിപ്പാ വൈറസ് വാഹകരായ വവ്വാലുകളെ കൊലയാളിയാക്കിമാറ്റുന്നത്. ഭക്ഷണം കിട്ടാതെ വലയുകയും ശാരീരികമായി ക്ലേശത്തിലാകുകയും ചെയ്യുന്ന വവ്വാലുകളില്‍ സംഭവിക്കുന്ന രാസപരിണാമത്തിലൂടെ അവയിലെ നിപ്പാ വൈറസ് ഉഗ്രശേഷി പ്രാപിക്കുകയും അതു മനുഷ്യര്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. നിപ്പാ വൈറസ് ഇന്ത്യയ്ക്ക് അത്രപരിചിതമല്ല. 1998-ല്‍ മലേഷ്യയിലാണ് ആദ്യമായി നിപ്പാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ബംഗ്ലാദേശിലും വന്‍തോതില്‍ ഈ അണുബാധയുണ്ടാകുകയും ഏറെ പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ നേരത്തെ സിലിഗുരിയിലും ഈ അണുബാധ ഉണ്ടായിട്ടുണ്ട്. ഈ വൈറസ് ബാധയും വ്യാപനവും സംബന്ധിച്ച് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തലുകള്‍ മനുഷ്യരുടെ കണ്ണതുറപ്പിക്കുന്ന ഒന്നാണ്. 

ഇതുവരെ നടന്ന പഠനങ്ങളില്‍ നിപ്പാ വൈറസിന്റെ പ്രാഥമിക വാഹകരായി കണ്ടെത്തിയിരിക്കുന്നത് ടെറോപസ് വര്‍ഗത്തില്‍പ്പെട്ട വവ്വാലുകളേയാണ് (ഫ്രൂട്ട് ബാറ്റ്). മലേഷ്യന്‍ കാടുകളില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞിരുന്ന വവ്വാലുകളിലാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നും വേറിട്ടാണ് ഇവ കഴിഞ്ഞിരുന്നത്. കാട്ടില്‍ കായ്ക്കനികളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഭക്ഷണം ലഭിക്കുന്നിടത്തേക്ക് ഇവ മാറിത്താമസിച്ചു കൊണ്ടിരിക്കും.

വവ്വാലുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വന്‍തോതില്‍ നശിപ്പിക്കപ്പെട്ടതോടെയാണ് ഇവ മനുഷ്യ ആവാസ കേന്ദ്രങ്ങളോട് അടുത്ത് വരാന്‍ തുടങ്ങിയത്. ഈ മൈഗ്രേഷനിലൂടെ വവ്വാലുകളിലെ അണുക്കള്‍ പലമാര്‍ഗങ്ങളിലൂടെയും മനുഷ്യരിലേക്കെത്തിയതിന് ശക്തമായ തെളിവുകള്‍ പഠനങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

വനം പോലുള്ള ഇവയുടെ ആവാസവ്യവസ്ഥ മനുഷ്യര്‍ വികസത്തിന്റെ പേരിലും മറ്റും വെട്ടിനശിപ്പിക്കുമ്പോള്‍ ഈ വവ്വാലുകള്‍ പട്ടിണിയിലും മാനസിക സമ്മര്‍ദ്ദത്തിലുമാകുന്നതായി ലോകാരോഗ്യ സംഘടനയുടെ വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം കിട്ടാതെ വലയുന്ന ഈ വവ്വാലുകളുടെ പ്രതിരോധ ശേഷി ബലഹീനമാകുകയും ഇവയ്ക്കുള്ളിലെ വൈറസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. ഇവയുടെ മൂത്രം, ഉമിനീര്‍ പോലുള്ള സ്രവങ്ങളിലൂടെ വന്‍തോതില്‍ ഈ വൈറസുകള്‍ പുറന്തള്ളപ്പെടുന്നു. ഇങ്ങനെയാണ് വൈറസ് മറ്റു മൃഗങ്ങളിലൂടേയും പഴങ്ങളിലൂടെയും മനുഷ്യരിലേക്കുമെത്തുന്നത്. ലളിതമായി പറഞ്ഞാല്‍ വന്‍തോതിലുള്ള വനനശീകരണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് നിപ്പാ വൈറസ് വ്യാപനം. ലോകമൊട്ടാകെ ജനസംഖ്യാ വര്‍ധനവും ത്വരിത വികസനവുമാണ് വന നശീകരണത്തിനു കാരണം.

ക്ലേശകരമായ ശാരീരിക മാറ്റങ്ങളിലൂടെ കടന്നു പോകുന്ന വവ്വാലുകളില്‍ നിന്ന് വൈറസ് പുറത്തു വരുന്നതിന് കാലാവസ്ഥാ മാറ്റത്തിനും പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. തായ്‌ലാന്‍ഡില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. ഏപ്രില്‍ മുതല്‍ വരെയുള്ള കാലയളവില്‍ വവ്വാലുകള്‍ നിപ്പാ വൈറസ് പുറന്തള്ളാന്‍ സാധ്യതയേറിയ കാലയളവാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. മേയ് മാസത്തോടെ വൈറസ് ബാധ ഏറ്റവും രൂക്ഷമായേക്കാമെന്നും പഠനം പറയുന്നു. കോഴിക്കോട്ടെ നിപ്പാ വൈറസ് ബാധയും ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. മേയ് മാസത്തിലാണ് കോഴിക്കോട്ടെ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം ഇന്ത്യയിലും ബംഗ്ലാദേശിലും ഇതിനു മുമ്പ് നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശീതകാലത്താണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് നിപ്പാ വൈറസ്ബാധ ആദ്യമുണ്ടായത്. ഇവിടെ ഈന്തപ്പനക്കള്ളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയത്. സിലിഗുരിയില്‍ വൈറസ് ബാധിച്ച 65 പേരില്‍ 45 പേരും മരിച്ചിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുള്ള നിപ്പാ വൈറസ് പകര്‍ച്ചയും ഉണ്ടായിട്ടുണ്ട്. കോഴിക്കോട്ടും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്.
 

Latest News