Sorry, you need to enable JavaScript to visit this website.

നിപ്പാ: മുതലെടുപ്പിന് മുറിവൈദ്യന്‍മാര്‍; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം

കോഴിക്കോട്- അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട നിപ്പാ വൈറസും ഈ അണുബാധയേറ്റുള്ള മരണങ്ങളും കേരളത്തില്‍ ഗൗരവതരമായ ആരോഗ്യ സാഹചര്യം ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനയും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ പൊതുജനങ്ങളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുന്ന വ്യാജ വൈദ്യന്‍മാരുടെ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്ന മുറിവൈദ്യന്‍മാരാണ് നിപ്പാ വൈറസ് അപകടമല്ലെന്ന വാദവുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നത്. ഇവരുടെ ആരാധകര്‍ ഇത് ഏറ്റുപിടിച്ചത് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇവരെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

വ്യാജ ചികിത്സയ്ക്ക് കുപ്രസിദ്ധി നേടിയ ജോസഫ് വടക്കാഞ്ചേരി കഴിഞ്ഞ ദിവസം നിപ്പാ അപകടകാരിയല്ലെന്ന വാദവുമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇന്ന് മറ്റൊരു നാട്ടുവൈദ്യനെന്ന് അവകാശപ്പെടുന്ന മോഹനന്‍ എന്നയാള്‍ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നു. നിപ്പാ വൈറസ് ബാധയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട്ടെ പേരാമ്പ്രയില്‍ നിന്ന് കൊണ്ടുവന്നതെന്ന് അവകാശപ്പെട്ട് വവ്വാവുകള്‍ കടിച്ചതെന്ന് പറയപ്പെടുന്ന മാങ്ങയും ചാമ്പങ്ങയും ഭക്ഷിച്ച് കാണിച്ചാണ് ഇയാളുടെ പ്രകടനം. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിച്ചതു കൊണ്ടു ഒന്നും സംഭവിക്കില്ലെന്നാണ് ഇയാളുടെ വാദം. ഈ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. 

നിപ്പാ വൈറസുകളുടെ ഉറവിടം വവ്വാലുകള്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകളും ജാഗ്രതയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എടുത്തു പോരുന്നു. ഇതിനിടെ ഇത്തരത്തിലുള്ള പ്രചാരണം പൊതുജനത്തിന് കൂടുതല്‍ ദോഷകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ വിഷയം ചൂണ്ടിക്കാട്ടി ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊതുജനാരോഗ്യ പ്രവര്‍ത്തകനായ ഡോക്ടര്‍ ജിനേഷ് പി എസ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് മുറിവൈദ്യന്‍മാരെ തടയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

ഡോ. ജിനേഷിന്റെ കത്തിന്റെ പൂര്‍ണ രൂപം: 

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളം ഗൗരവതരമായ ഒരു സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 12 പേരില്‍ 10 പേരും മരണമടഞ്ഞു. 40 മുതല്‍ 70 ശതമാനം വരെ മരണനിരക്ക് വരാവുന്ന അസുഖമാണ്. ചികിത്സയെക്കാള്‍ പ്രധാന പ്രതിരോധ നടപടികള്‍ ആണ്.

പുതുതായി രോഗബാധ ഉണ്ടാകുന്നത് തടയുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ഈ അസുഖം വരാനുള്ള എല്ലാ വഴികളും അടക്കേണ്ടത് ആവശ്യമാണ്.

വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

ഇന്നിപ്പോള്‍ മോഹനന്‍ എന്ന വ്യക്തി അസുഖബാധിതമായ സ്ഥലമായ പേരാമ്പ്രയില്‍ നിന്നും ശേഖരിച്ച, വവ്വാലുകള്‍ ഭാഗികമായി ആഹരിച്ചത് എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങള്‍ ഭക്ഷിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്ന് അദ്ദേഹം അതില്‍ ആരോപിക്കുന്നു. വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു.

പ്രസിദ്ധീകരിച്ചതിനു ശേഷം എട്ടു മണിക്കൂറിനുള്ളില്‍ 15000 ഷെയര്‍ ആണ് ആ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വളരെയധികം ജനങ്ങള്‍ ഇദ്ദേഹത്തിന്റെ അബദ്ധ പ്രചരണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ കേരളത്തില്‍ നിന്നും ഈ അസുഖം പകരുന്നത് തടയുന്നതിന് തന്നെ ചിലപ്പോള്‍ വിഘാതം നേരിട്ടേക്കാം.

കേരളത്തിലാകെ 56 തരം വവ്വാലുകള്‍ ആണുള്ളത്. അതില്‍ നാല് സ്പീഷീസുകളില്‍ നിന്നുമാത്രമേ നിപ്പാ വൈറസിനെ കേരളത്തിന് പുറത്തുനിന്ന് കണ്ടുപിടിച്ചിട്ടുള്ളൂ. അദ്ദേഹം ആഹരിച്ചതില്‍ അണുബാധയുള്ള സ്പീഷീസുകള്‍ ഭാഗികമായി ഭക്ഷിച്ചത് ഉണ്ടാവണം എന്നു പോലുമില്ല.

മാത്രമല്ല കേരളത്തില്‍ ഈ അസുഖം പടര്‍ന്നുപിടിച്ചത് വവ്വാലുകളില്‍ നിന്നാണോ എന്ന് സ്ഥിരീകരിച്ചിട്ടുമില്ല. പക്ഷേ കരുതല്‍ എന്ന നിലയില്‍ ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചേ മതിയാവൂ.

എന്നാല്‍ വവ്വാലുകള്‍ ആഹരിച്ച കായ്ഫലങ്ങള്‍ ഭക്ഷിച്ചാല്‍ കുഴപ്പമില്ല എന്നു പറയുന്ന വീഡിയോയ്ക്ക് ഫേസ്ബുക്കില്‍ മാത്രം 15000 ഷെയര്‍ ഉണ്ടാകുമ്പോള്‍, സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന സന്ദേശം പാലിക്കപ്പെടണം എന്നില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ കേരള സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ വലിയ ഭീഷണിയാവും.

സംസ്ഥാനം അതിന്റെ എല്ലാ ജാഗ്രതയോടും കഴിവുകളോടും കൂടി ഒരസുഖത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍, അബദ്ധങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിച്ചുകൂടാ. പൗരന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കുക എന്നുള്ളത് സ്‌റ്റേറ്റിന്റെ കടമയായതിനാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഇതുപോലെ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തുന്നവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കൂടുതല്‍പേര്‍ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങള്‍ കൂടുതല്‍ തെറ്റിദ്ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

ഇതേ വിഷയം മുന്‍നിര്‍ത്തി ജേക്കബ് വടക്കന്‍ചേരി എന്ന വ്യക്തിക്കെതിരെ രണ്ടു ദിവസം മുന്‍പ് അങ്ങേയ്ക്ക് ഒരു പരാതി സമര്‍പ്പിച്ചിരുന്നു. അതില്‍ നടപടികള്‍ പ്രായോഗികതലത്തില്‍ എത്തിയില്ല എന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നു. (സൂചന: E.ptn3255/2018)

ഇനിയും നടപടികള്‍ എടുക്കാന്‍ വൈകിയാല്‍ വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത കേരള മോഡല്‍ ആരോഗ്യം ഒരു ചോദ്യചിഹ്നമായി മാറാന്‍ സാദ്ധ്യതയുണ്ട്.

അതുകൊണ്ടുതന്നെ മാതൃകാപരവും ശക്തവുമായ നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,

ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,

ജിനേഷ് പി. എസ്.

Latest News