പെരിന്തൽമണ്ണ-പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസാധുവായ വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ കാണാതായ സംഭവത്തിൽ ഗൗരവമേറിയ അന്വേഷണം ആവശ്യമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിന്റെ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി അസാധു വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നു. ഇതു പ്രകാരം പെട്ടികൾ മാറ്റുന്നതിനായി ഉദ്യോഗസ്ഥർ സ്‌ട്രോംഗ് റൂം തുറന്നപ്പോഴാണ് പെട്ടികൾ അപ്രത്യക്ഷമായ വിവരം ഉദ്യോഗസ്ഥർ പോലുമറിയുന്നത്. ഇതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുകൊണ്ടു ഇക്കാര്യത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണ്. പെട്ടികൾ കാണാതായ സംഭവത്തിനു പിന്നിൽ ഉദ്യോഗസ്ഥ-മാഫിയ ഗൂഢാലോചനയാണ് പുറത്തുവരുന്നത്. ഇതു ജനാധിപത്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. പെട്ടി മോഷണം പോയതിനു പിന്നിൽ വല്ല സാമ്പത്തികമോ മറ്റോ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കേസിൽപ്പെട്ട അസാധു ബാലറ്റ് പേപ്പറുകൾ കാണാതാകുന്നത് നിസാര കാര്യമല്ല. ജനാധിപത്യത്തെ വിലക്കു വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. കാണാതായ വോട്ടുപെട്ടി 25 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഓഫീസിൽ കണ്ടെത്തിയത് കൂടുതൽ ദുരൂഹതയുണ്ടാക്കുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ഏതു വിധേനയവും കേസ് അട്ടിമറിക്കാനുള്ള പ്രാപ്തിയുള്ള വ്യക്തിയാണ് എതിർ സ്ഥാനാർഥിയെന്നും നജീബ് കാന്തപുരം പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യമന്ത്രി, തുടങ്ങിയവർക്ക് പരാതി നൽകി.
2021-ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യു.ഡി.എഫിന്റെ വിജയം ചോദ്യം ചെയ്ത്, ഹൈക്കോടതിയിലെ കേസിന്റെ തെളിവിനായി കൊണ്ടു പോകേണ്ട വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകളടക്കമുള്ള പെട്ടിയാണ് കാണാതായത്. പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച പ്രത്യേക വോട്ടുകളുടെ രണ്ട് പെട്ടിയിൽ ഒന്നാണ് കാണാതായത്. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ രണ്ടു മണിക്കൂറിനു ശേഷം മലപ്പുറം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ പെട്ടി കണ്ടെത്തി. ഇതോടെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തിറങ്ങി. റിട്ടേണിംഗ് ഓഫീസർ അറിയാതെ ഒരു പെട്ടി എങ്ങനെ സ്ഥലം മാറിയെന്നും ഇതു വൻ ക്രമക്കേടാണെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിച്ചു. പെട്ടി ഇന്ന് പെരിന്തൽമണ്ണ സബ്ട്രഷറിയിൽ നിന്നു കൊണ്ടു പോയി വൈകിട്ട് ഹൈക്കോടതിയിൽ എത്തിക്കണമെന്ന കോടതി നിർദേശം ഇതോടെ പാലിക്കാൻ കഴിഞ്ഞില്ല. കേസ് നാളെ പരിഗണനക്കെടുക്കും.
2021 ഏപ്രിൽ ആറിനു നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. എതിർ സ്ഥാനാർഥിയായിരുന്ന എൽ.ഡി.എഫ് സ്വതന്ത്രൻ കെ.പി.എം മുസ്തഫയാണ് വിജയം ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹരജി നൽകിയത്. 80-നു മുകളിലുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ടു ചെയ്യിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാൽ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകൾ വോട്ടെണ്ണൽ വേളയിൽ എണ്ണാതെ മാറ്റിച്ചിരുന്നു. ക്രമനമ്പർ, ഒപ്പ് എന്നിവയില്ലാത്തതിന്റെ പേരിലാണ് മാറ്റിയത്. യു.ഡി.എഫ് സ്ഥാനാർഥി വിജയത്തിലേക്കടുത്തതോടെ ഈ വോട്ടുകൾ എണ്ണണമെന്നു എൽ.ഡി.എഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരാണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നവംബറിൽ മുസ്തഫയുടെ ഹരജി നിലനിൽക്കുന്നതാണെന്നു കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നു മണ്ഡലത്തിൽ ഉപയോഗിച്ച ബാലറ്റ് പേപ്പർ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ തിങ്കളാഴ്ച പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്നു ഹൈക്കോടതിയിലേക്കു കൊണ്ടുപോകാനിരിക്കേയായിരുന്നു. ഇതിനിടിയിലാണ് പെട്ടി കാണാതായ സംഭവം അരങ്ങേറിയത്.
കേസിൽ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ സബ് കലക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ ശനിയാഴ്ച്ച പരിശോധിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിട്ടുള്ള പ്രധാന തെളിവായിട്ടുള്ള 348 പ്രത്യേക ബാലറ്റുകൾ രാവിലെ ഹൈക്കോടതിയിലേക്ക് കൊണ്ടു പോകാനായി സ്‌ട്രോംഗ് റൂം തുറന്നപ്പോഴാണ് ഒരു പെട്ടി കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തപാൽ ബാലറ്റുകളും, അസാധുവായതും, മാറ്റിവച്ചതും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമടക്കമാണ് രണ്ട് പെട്ടികളിൽ അടച്ച് ഭദ്രമാക്കി സബ് ട്രഷറി സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. പെരിന്തൽമണ്ണ അസംബ്ലി മണ്ഡലത്തിലെ തപാൽ വോട്ടുകൾ നഗരസഭയിലെ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറു ടേബിളിലായാണ് പരിശോധിച്ചത്. ഇതിൽ ഒന്ന്, രണ്ട്, മൂന്ന് ടേബിളുകളിലെ ബാലറ്റ് പേപ്പർ, അനുബന്ധ രേഖകൾ എന്നിവ ഒരു പെട്ടിയിലും നാല്, അഞ്ച്, ആറ് ടേബിളിലേത് മറ്റൊരു പെട്ടിയിലും അടച്ചാണ് മുദ്രവച്ചത്. ഇതിൽ നാല്, അഞ്ച്, ആറ് ടേബിളുകളിലെ പെട്ടിയാണ്
പെരിന്തൽമണ്ണയിലെ സ്‌ട്രോംഗ് റൂമിൽ നിന്നു കാണാതായതും മലപ്പുറത്ത് കണ്ടെത്തിയതും സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ച പെട്ടി മലപ്പുറത്ത് എത്തിയതും ഗുരുതര ക്രമക്കേടാണെന്നും പെരിന്തൽമണ്ണ മണ്ഡലം യു.ഡി.എഫ് ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പെരിന്തൽമണ്ണയിൽ പ്രതിഷേധ പ്രകടനം നടത്തി.
അന്വേഷണം വേണം : സി.പി.എം
പെരിന്തൽമണ്ണ-പെരിന്തൽമണ്ണ മണ്ഡലം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി മുമ്പാകെ നടന്നുകൊണ്ടിരിക്കെ പോസ്റ്റൽ വോട്ടുകൾ അടങ്ങിയ രണ്ടു പെട്ടികളിൽ ഒന്ന് പെരിന്തൽമണ്ണ സബ്ട്രഷറിയിൽ നിന്നു കാണതായതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു സി.പി.എം പെരിന്തൽമണ്ണ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. 348 സ്‌പെഷൽ പോസ്റ്റൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് പെരിന്തൽമണ്ണ മണ്ഡലം റിട്ടേണിംഗ് ഓഫീസറായ സബ് കളക്ടർക്ക് ഏരിയാ സെക്രട്ടറി ഇ. രാജേഷ് പരാതി നൽകി.