തെരുവിലിറങ്ങിയുള്ള ഫണ്ട് പിരിവ് ജനങ്ങളിൽ നീരസമുണ്ടാക്കുമെങ്കിലും അത് പാർട്ടിക്കാർക്കുണ്ടാക്കുന്ന ആവേശം വലുതായിരിക്കും. ചുമലിലൊരു വടി, അതിലൊരു കൊടി, ചുവന്നൊരു ബക്കറ്റും. മുതലാളിത്ത ചങ്ങാത്ത പൂർവ കാലത്ത് കമ്യൂണിസ്റ്റുകാരുടെ രീതിയായിരുന്നു അത്. ജനങ്ങളിൽ ഓളമുണ്ടാക്കുന്ന പിരിവ് രീതി. പുതിയ കാലത്ത് കോൺഗ്രസാണ് അത് നടപ്പാക്കാൻ സാധ്യതയുള്ള പാർട്ടികളിലൊന്ന്.
ജനാധിപത്യ ആധിക്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. ആരെങ്കിലും സ്വയം കോൺഗ്രസാണ് എന്നവകാശപ്പെട്ടാൽ അത് നിഷേധിക്കാൻ ആർക്കും സാധ്യമാകാത്ത അവസ്ഥ. സർവതന്ത്ര സ്വാതന്ത്ര്യം വളർന്ന് വളർന്ന് അതിന്റെ പരിധിയെല്ലാം വിട്ടപ്പോൾ ചില ഇടപെടലൊക്കെ നടത്താനൊരുങ്ങുകയാണ് ആ പാർട്ടി. ആദ്യ പടിയായി കെ.പി.സി.സി ഓഫീസ് ശുദ്ധീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കെ.പി.സി.സിയിൽ നിയമിക്കപ്പെടുന്ന ആളുകളുടെ കാര്യത്തിൽ ഇനിയൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഉണ്ടാകും. പ്രധാനമായും പരിശോധിക്കേണ്ടത് പാർട്ടിക്കൂറായിരിക്കണമെന്ന് തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത, പാർട്ടി പ്രവർത്തന പരിചയം എന്നിവയെല്ലാം നിയമനം കിട്ടാനുള്ള ഘടകങ്ങളാകും. ഒരാൾ നിയമിക്കപ്പെട്ടാൽ കാലാകാലം ആ പദവിയിൽ എന്ന അവസ്ഥ ഇല്ലാതാകും. അങ്ങനെ വന്നാൽ വ്യക്തികൾ അമിതാധികാര ശക്തികളാകുന്ന പ്രവണത കുറച്ചൊക്കെ ഒഴിവാക്കാം. അഞ്ച് കൊല്ലമായിരിക്കും നിയമന കാലാവധി. അതിലിടക്ക് തന്നെ പ്രവർത്തകരിൽ നിന്ന് മോശം അഭിപ്രായം വന്നാൽ കാലാവധി നീട്ടിക്കിട്ടില്ല.
കെ.പി.സി.സി ഓഫീസിൽ നിയമിക്കപ്പെടുന്ന വ്യക്തിയുടെ സർവ വിവരങ്ങളും പ്രാദേശിക തലത്തിൽ തന്നെ പരിശോധിക്കും. അന്വേഷണം ബൂത്തുതലം വരെ പോകും. ജില്ല കമ്മിറ്റി ഓഫീസുകളിലെ ജീവനക്കാരുടെ നിയമനവും ഇതേ രീതിയിലായിരിക്കും.
ഫണ്ട് പിരിവുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ് നടപടി ത്വരിതപ്പെടുത്തിയതെങ്കിലും എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ആഗ്രഹം പാർട്ടി പ്രവർത്തകർക്കുണ്ടായിരുന്നു. കുറച്ചു ദിവസമായി അന്യാധീനപ്പെട്ട അവസ്ഥയിലായിരുന്നു കെ.പി.സി.സി ആസ്ഥാനം. അതിലിടക്കാണ് ലക്ഷണമൊത്ത ഡി.വൈ.എഫ്.ഐക്കാരൻ കെ.പി.സി.സി ഓഫീസിൽ മുഖ്യസ്ഥാനത്തെത്തി എന്ന വാർത്ത പരന്നത്. സി.പി.എമ്മുമായി ആരെടാ വീരാ പോരിന് വാടാ എന്ന മട്ടിൽ നിൽക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ കാലത്ത് തന്നെയോ ഇത് എന്ന് ആളുകൾ അതിശയിച്ചിരുന്നു. എന്തു ചെയ്യാനാണ്, ചൂഴ്ന്നു നോക്കാനാകുമോ എന്ന ചോദ്യം ഒഴിവ് കഴിവായാണ് ഒടുവിൽ പാർട്ടിയും വിലയിരുത്തുന്നത്. ചൂഴ്ന്നു നോക്കുന്നതിന് സമാനം തന്നെയുള്ള നിയമന രീതിയിലൂടെ പ്രതിസന്ധി മറികടക്കാനാകുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.
പോയ കാലത്ത് പാർട്ടി മാധ്യമങ്ങളിലെയും പാർട്ടി ഓഫീസിലെയുമൊക്കെ നിയമനം എന്തുമാത്രം പാർട്ടി വിരുദ്ധമായിരുന്നുവെന്ന് കോൺഗ്രസുകാർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. കോൺഗ്രസല്ലേ അത്രയൊക്കെയേ നടക്കൂ എന്നാശ്വാസിക്കാൻ കോൺഗ്രസിന് ശത്രുക്കൾ അധികമായ കാലത്ത് സാധിക്കില്ല. കോൺഗ്രസ് നേതാവ് എ.എൽ.ജേക്കബുമായി ബന്ധപ്പെട്ട ഒരു കാര്യം സാന്ദർഭികമായി ഓർക്കാം- എം.എൽ.എ ഹോസ്റ്റലിൽ ചെല്ലയ്യൻ എന്നൊരു നല്ല അലക്കുകാരനുണ്ടായിരുന്നു.
എത്രയോ കാലം ചെല്ലയ്യൻ നേതാക്കളെ പാർട്ടി വ്യത്യാസമില്ലാതെ ഇസ്തിരി ചുളിയാതെ കൊണ്ടുനടന്നു. എ.എൽ. ജേക്കബ് മാത്രം ചെല്ലയ്യനെ വസ്ത്രം ഏൽപിക്കില്ല! കാരണമായി ചെല്ലയ്യൻ പറഞ്ഞത് താൻ കമ്യൂണിസ്റ്റായതുകൊണ്ടാണ് അങ്ങനെയെന്നാണ്. ജേക്കബ് സാറിന്റെ നിഷ്‌കളങ്കത അറിയാവുന്നവരാരും ഇത് നിഷേധിക്കുമെന്ന് തോന്നുന്നില്ല. എ.എൽ. ജേക്കബിനെ പോലെയൊന്നുമില്ലെങ്കിലും മിനിമം പാർട്ടി നോട്ടമൊന്നുമില്ലെങ്കിൽ കഥയെന്താകുമെന്ന് സമകാലീന രാഷ്ട്രീയം പറഞ്ഞുതരുന്നുണ്ട്.
ഏറ്റവും ഒടുവിലായി കോൺഗ്രസ് ഹൈക്കമാൻഡും ശ്രദ്ധാപൂർവമായ ഇടപെടലാണ് നടത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി താരീഖ് അൻവർ കൂടുതലായി കേരളത്തിൽ തുടരണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. അതുണ്ടാകുമെന്ന് കരുതുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ആഴ്ചയിൽ നാലു ദിവസം കെ.പി.സി.സി ഓഫീസിലുണ്ടാകും.
കെ.പി.സി.സി ഓഫീസ് കാര്യങ്ങളുടെ നിർവഹണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
തെരഞ്ഞെടുപ്പുകൾക്ക് ഇനിയും സമയമുണ്ട് എന്നത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ആശ്വാസമാണ്. കോൺഗ്രസ് നല്ല നിലയിൽ കാര്യങ്ങൾ നീക്കിയാൽ മാത്രം പോരാ, അത് ഘടക കക്ഷികൾക്ക് ഉൾപ്പെടെ ബോധ്യമാവുകയും വേണം. ശക്തി വർധിപ്പിക്കുന്ന കോൺഗ്രസും സംതൃപ്തിയുള്ള ഘടക കക്ഷികളുമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഊർജ സ്രോതസ്സ്.
പാളയം നന്ദാവനത്ത് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ കെ.കരുണാകരൻ സെന്റർ പണിയാൻ കോൺഗ്രസ് തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ആദ്യഘട്ടത്തിൽ 30 കോടി ചെലവിൽ എട്ടു നിലകളിലായി 76,000 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പണിയുന്നത്.
ഓരോ ബൂത്തിൽനിന്ന് ചുരുങ്ങിയത് 10,000 രൂപ വീതം ശേഖരിച്ചായിരിക്കും കെട്ടിട നിർമാണം എന്നത് പാർട്ടിക്ക് അതിന്റെ ജനാടിത്തറ വിപുലീകരിക്കാനുള്ള വഴിയുമായിത്തീരും. തെരുവിലിറങ്ങിയുള്ള ഫണ്ട് പിരിവ് ജനങ്ങളിൽ നീരസമുണ്ടാക്കുമെങ്കിലും അത് പാർട്ടിക്കാർക്കുണ്ടാക്കുന്ന ആവേശം വലുതായിരിക്കും. ചുമലിലൊരു വടി, അതിലൊരു കൊടി, ചുവന്നൊരു ബക്കറ്റും. മുതലാളിത്ത ചങ്ങാത്ത പൂർവ കാലത്ത് കമ്യൂണിസ്റ്റുകാരുടെ രീതിയായിരുന്നു അത്.
ജനങ്ങളിൽ ഓളമുണ്ടാക്കുന്ന പിരിവ് രീതി. പുതിയ കാലത്ത് കോൺഗ്രസാണ് അത് നടപ്പാക്കാൻ സാധ്യതയുള്ള പാർട്ടികളിലൊന്ന്. ഒരു മാസം കൊണ്ട് ഫണ്ട് പിരിവ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതെല്ലാം കോൺഗ്രസ് സജീവമാകുന്നതിന്റെ ലക്ഷണമായി തന്നെ കാണാം.
ബാഹ്യശക്തികളിൽ നിന്നും ആഭ്യന്തരമായും വെല്ലുവിളി നേരിടുന്ന പാർട്ടിക്ക് ഇതൊക്കെ അത്യവശ്യമാണ്. ജനങ്ങൾക്ക് കോൺഗ്രസിനെ വേണം. നേതാക്കൾക്ക് ആവശ്യമില്ല എന്ന അവസ്ഥക്കാണ് മെല്ലെയാണെങ്കിലും മാറ്റം വരുന്നത്.