Sorry, you need to enable JavaScript to visit this website.

ലിനിയുടെ മക്കള്‍ക്ക് തുണയായി യുഎഇയില്‍ നിന്ന് രണ്ടു പ്രവാസി വനിതകള്‍

അബുദബി- മാരകമായ നിപ്പാ വൈറസ് ബാധയേറ്റവരെ ശുശ്രൂഷിച്ച് ഒടുവില്‍ രോഗബാധിതയായി ജീവത്യാഗം ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിയുടെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു മക്കളുടെ എല്ലാ പഠന ചെലവുകളും വഹിക്കാമെന്നേറ്റ് അബുദബിയിലെ രണ്ടു മലയാളി പ്രവാസി വനിതകള്‍ രംഗത്തെത്തി. പാലക്കാട്ടെ അവിറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ കൂടിയായ ശാന്തി പ്രമോദ്, ജ്യോതി പാലാട്ട് എന്നിവരാണ് ലിനിയുടെ മക്കളായി രണ്ടു വയസ്സുകാരന്‍ ഋതുല്‍, അഞ്ചു വയസ്സുകാരന്‍ സിദ്ധാര്‍ത്ഥ് എന്നിവരുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 

ഇരുവരും ലിനിയുടെ കുടുംബവുമായി ബന്ധപ്പെട്ടു സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് ലിനി എഴുതിയ അവസാന കത്ത് വായിച്ച് ഹൃദയം നുറുങ്ങിയെന്ന് ശാന്തിയും ജ്യോതിയും പറഞ്ഞു. മക്കളെ നന്നായി നോക്കണമെന്നും തനിച്ചാവരുതെന്നും പറയുന്ന ലിനിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ഞങ്ങളും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഒരു നഴ്‌സിന്റെ ജോലിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകും, ശാന്തി പറഞ്ഞു. ലിനിയുടെ മക്കളുടെ ബിരുദാനന്തര ബിരുദ പഠനം വരെയുള്ള എല്ലാ ചെലവുകളും അവര്‍ എവിടെ പഠിച്ചാലും നല്‍കുമെന്ന് ജ്യോതി പറഞ്ഞു. ഇതു സംബന്ധിച്ച രേഖ താമസിയാതെ കുടുംബത്തിന് കൈമാറുമെന്നും ശാന്തിയും ജ്യോതിയും പറഞ്ഞു.
 

Latest News