തിരുവനന്തപുരം-തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ കുഴമ്പ് രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്ന് വന്ന കൊല്ലം സ്വദേശി സജിതാ ബിജു, ഷാര്‍ജയില്‍ നിന്ന് വൈകിട്ട് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ തമിഴ്‌നാട് സ്വദേശി ഖാദര്‍ ബാഷാ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
കൊല്ലം സ്വദേശിനി 1106 ഗ്രാം വരുന്ന സ്വര്‍ണ്ണ മിശ്രിതം സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ചു ഹാന്‍ഡ് ബാഗിനുള്ളിലാക്കിയാണ് പുറത്തുകടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയാണ് ഇവരെ പരിശോധിച്ചതും സ്വര്‍ണ്ണം കണ്ടെത്തിയതും. വിപണിയില്‍ ഇതിനു 51 ലക്ഷത്തോളം രൂപ വിലവരും.
ഇതിനൊപ്പം വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തമിഴ്‌നാട് സ്വദേശി 1650 ഗ്രാം സ്വര്‍ണ്ണ മിശ്രിതം ക്യാപ്സൂള്‍ രൂപത്തില്‍ അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ആദ്യം പരിശോധന കഴിഞ്ഞെങ്കിലും വീണ്ടും ഇയാളെ തിരികെ വിളിച്ചു വിശദമായ പരിശോധന നടത്തവേയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഈ സ്വര്‍ണ്ണത്തിനു വിപണിയില്‍ ഒരു കോടിരൂപയോളം വില വരും എന്നാണു കണക്കാക്കുന്നത്.