കോഴിക്കോട്-1992ല്‍ ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്തത് താന്‍ തന്നെ തകരുന്നതിന് തുല്യമായിരുന്നുവെന്ന് ഇന്ത്യന്‍ സിനിമാലോകത്തെ ബഹുമുഖ പ്രതിഭ കമലഹാസന് പറഞ്ഞു. വൈവിധ്യങ്ങളുടെ ഇന്ത്യ നിലനിന്നേ മതിയാവൂ. ഇതിനെതിരെയുള്ള നീക്കങ്ങളെല്ലാം ഇന്ത്യയെന്ന സങ്കല്പത്തെ തകര്‍ക്കും. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഏറെ ഹൃദയ വേദനയുണ്ടാക്കി. ഇതു പകര്‍ന്ന ആഘാതമാണ് ഹിന്ദുത്വവാദികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഊര്‍ജം പകര്‍ന്നത്. പത്രങ്ങളുടെ എഡിറ്റോറിയലുകള്‍ വായിക്കാന്‍ തുടങ്ങിയതും ഈ സംഭവത്തിന് ശേഷമാണ്. അഛന് തികഞ്ഞ ഗാന്ധിയനായിരുന്നു.
അദ്ദേഹത്തിലൂടെയാണ് ഗാന്ധിയെ തിരിച്ചറിഞ്ഞത്. ഈ താല്പര്യമാണ് ഗാന്ധി സിനിമയെടുക്കുന്നതില്‍ കലാശിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം കുറിച്ച സിനിമയാണ് ഹേയ് റാമെന്നും കമലഹാസന് പറഞ്ഞു.
കോഴിക്കോട്ടെത്തിയ ഉലകനായകന് കമലഹാസനെ സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വേര്‍ഡ് ടു സിനിമ ചര്‍ച്ചയില്‍ സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയോടെ ബീച്ചിലെ പ്രധാന വേദിയില്‍ സുരക്ഷാസന്നാഹത്തോടെയെത്തിയ കമലഹാസന് സദസിനെ സ്വാഗതം ചെയ്തതോടെ ഹര്‍ഷാരവങ്ങളുയര്‍ന്നു.
വേര്‍ഡ് ടു സിനിമ എന്ന വിഷയത്തില്‍ കമലഹാസനോടൊപ്പം എഴുത്തുകാരായ സക്കറിയ, ജയമോഹന്, സി.എസ് വെങ്കിടേശ്വരന് എന്നിവര്‍ പങ്കെടുത്തു. 63 വര്‍ഷത്തെ സിനിമാ ജീവിതത്തെ കമല്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന സക്കറിയയുടെ ചോദ്യത്തോടെ ചര്‍ച്ച ആരംഭിച്ചു. നൂറു വര്‍ഷത്തെ ഇന്ത്യന്‍ സിനിമാപാരമ്പര്യത്തില്‍ 63 വര്‍ഷം തുടരാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് കമല്‍. ഇനിയും പ്രേക്ഷക പിന്തുണയോട് കൂടി ശ്വാസം നിലക്കുന്നതു വരെ തുടരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു എഴുത്തുകാരനും നടനും എന്ന നിലയില്‍ അത് രണ്ടിനെയും എങ്ങനെയാണ് നോക്കിക്കാണുന്നു എന്ന ജയമോഹന്റെ ചോദ്യത്തിന് അത് എണ്ണയും വെള്ളവും പോലെയാണ് ഒരിക്കലും ചേരില്ല, പക്ഷെ ഞാന്‍ അത് രണ്ടിന്റെയും വേവിച്ച രൂപമാണെന്ന് കമല്‍ വ്യകതമാക്കി. എഴുത്തിനെയും അഭിനയത്തെയും ഒരുപോലെ കൊണ്ടുപോവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ അത്തരം ആളുകളോട് അസൂയ തോന്നിയിട്ടുണ്ട്. സിനിമയിലെ എഴുത്തുകള്‍ ജനാധിപത്യപരവും ശക്തവുമാണെന്ന് എപ്പോഴും തിരകഥാകൃത്തുക്കളോട് പറയാറുണ്ട്. അത് ഈ തലമുറയോളം പരിവര്‍ത്തനം ചെയ്തുവരികയാണ്. അതില്‍ സന്തോഷം. സൗത്ത് ഇന്ത്യന്‍ സിനിമകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് മലയാളവും ഇപ്പോള്‍ കന്നഡയും ലോകത്തിന്റെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണെന്നും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ കണ്ട് വളര്‍ന്ന തനിക്ക് സ്വന്തം വീട്ടിലത്തിയ അനുഭൂതിയാണ് ഇവിടെ വരുമ്പോള്‍ കിട്ടുന്നത്.