മലപ്പുറം- ശബരിമല തീർഥാടനം കഴിഞ്ഞ് റോഡിൽ കുടുങ്ങിയ അയ്യപ്പഭക്തരുടെ വാഹനത്തിനു രക്ഷകരായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് ദേശീയപാത കക്കാട് കരിമ്പിലിൽ വച്ച് തകരാറിലായത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തള്ളിക്കൊണ്ടു പോകുന്ന വാഹനം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ അയ്യപ്പഭക്തരോട് കാര്യങ്ങൾ അന്വേഷിച്ചു. ഡീസൽ കഴിഞ്ഞതാണെന്ന് അറിയിച്ചതിനെ തുടർന്ന് കാൻ സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഡീസൽ എത്തിച്ചു കൊടുത്തു.
അയ്യപ്പഭക്തർ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്നലെ ഒഴിവു ദിവസമായതിനാൽ വർക്ക്‌ഷോപ്പുകാരോ സർവീസ് സെന്ററുകളോ ഉണ്ടായിരുന്നില്ല. തുടർന്ന് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആർ ഹരിലാൽ, പി.ബോണി, എബിൻ ചാക്കോ, ഓട്ടോ ഡ്രൈവർ കാളങ്ങാട്ട് സിനോജ്, കെ.ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിന്റെ തകരാർ പരിഹരിച്ച് യാത്രയാക്കി.