ഹുഫൂഫ് - ദകാര്‍ റാലി ഞായറാഴ്ച മാപിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്‍ നാസര്‍ അല്‍അതിയ്യ കിരീടമുറപ്പാക്കി. തുടര്‍ച്ചയായ ആറാം സ്‌റ്റെയ്ജിലും സെബാസ്റ്റിയന്‍ ലോബ് വിജയിച്ചെങ്കിലും അതിയ്യക്ക് വന്‍ ലീഡുണ്ട്. ശയ്ബയില്‍ നിന്ന് അല്‍ഹുഫൂഫിലേക്കുള്ള 154 കിലോമീറ്റര്‍ ദൂരം ഒന്നാമതായി ഫിനിഷ് ചെയ്ത ലോബ് ഈ സീസണിലെ ഏഴാമത്തെ സ്‌റ്റെയ്ജാണ് ജയിച്ചത്. തുടര്‍ച്ചയായി അഞ്ച് സ്‌റ്റെയ്ജുകള്‍ ജയിച്ച ഫിന്‍ലന്റ് ഡ്രൈവര്‍ ആരി വതനേന്റെ റെക്കോര്‍ഡ് (1989) ലോബ് തകര്‍ത്തു. ലോക റാലി ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതു തവണ ചാമ്പ്യനായ റെക്കോര്‍ഡുണ്ട് ലോബിന്.
എങ്കിലും അതിയ്യക്ക് ഒരു മണിക്കൂര്‍ 21 മിനിറ്റ് പിന്നിലാണ് ലോബ്. തുടക്കത്തില്‍ തന്നെ വന്‍ ലീഡ് സമ്പാദിച്ച അതിയ്യ സുരക്ഷിതമായി ഓടിച്ച് കിരീടം നഷ്ടപ്പെടാതെ നോക്കുകയാണ്. അമ്പത്തിരണ്ടുകാരന്‍ ലോബിന് അഞ്ച് മിനിറ്റ് 38 സെക്കന്റ് പിന്നിലായാണ് ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനത്ത് അതിയ്യയുടെ സഹതാരം ലുക്കാസ് മൊറയ്‌സാണ്.
അതേസമയം ബൈക്ക് വിഭാഗത്തില്‍ കടുത്ത മത്സരമാണ്. കെവിന്‍ ബെനാവിദേസിനു മേല്‍ വെറും 12 സെക്കന്റിന്റെ ലീഡേയുള്ളൂ ടോബി പ്രൈസിന്. ഹുഫൂഫില്‍ നിന്ന് ദമാമിലേക്കുള്ള 417 കിലോമീറ്ററാണ് അവസാന സ്‌റ്റെയ്ജ്. ഡ്രൈവര്‍മാര്‍ മൊത്തം എട്ടായിരത്തിലേറെ കിലോമീറ്ററാണ് താണ്ടിയത്.