സൂറിക് - ഖത്തര്‍ ലോകകപ്പ് ഫൈനലിലെ വിജയത്തിനു ശേഷം അര്‍ജന്റീന കളിക്കാരുടെ അസ്വീകാര്യമായ പെരുമാറ്റത്തെക്കുറിച്ച് ഫിഫ അന്വേഷിക്കുന്നു. സമ്മാനദാനച്ചടങ്ങില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ബഹുമതി സ്വീകരിച്ച ശേഷം അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസ് അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിലെ ആഘോഷത്തിനിടെ മാര്‍ടിനേസിന്റെ നിര്‍ദേശപ്രകാരം അര്‍ജന്റീന കളിക്കാര്‍ ഫ്രഞ്ച് താരം കീലിയന്‍ എംബാപ്പെക്കായി ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. ബ്യൂണസ്‌ഐറിസിലെ പരേഡിനിടെ എംബാപ്പെയുടെ ചിത്രമുള്ള പാവയെ മാര്‍ടിനേസ് കൈയിലേന്തി.
എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചത് അറിയിക്കുന്ന ഫിഫ പത്രക്കുറിപ്പില്‍ ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നില്ല. അര്‍ജന്റീന ടീം 11, 12 വകുപ്പുകളുടെ ലംഘനമാണ് കാണിച്ചതെന്നാണ് ആരോപണം. കളിയുടെ മാന്യതക്ക് നിരക്കാത്ത മോശം പെരുമാറ്റമാണ് ഈ രണ്ടു വകുപ്പുകളില്‍ പറയുന്നത്.