ഇടുക്കി- ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിലെ ബോട്ട് ലാൻഡിംഗിന് സമീപമെത്തിയ കാട്ടാന ഭിതി പരത്തി. ചക്കക്കൊമ്പൻ എന്ന പേരിലറിയപ്പെടുന്ന ഒറ്റയാനാണ് ടൂറിസം സെന്ററിന്റെ പ്രധാനകേന്ദ്രത്തിലേക്ക് ആനയിറങ്കൽ അണക്കട്ട് നീന്തിക്കയറി എത്തിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
ഒരു കുട്ടവഞ്ചിയും ബോർഡും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ പേടിച്ചോടി. ചിന്നക്കനാൽ ഭാഗത്ത് നിന്നാണ് ആനയിറങ്കൽ ഡാമിലേക്ക് ആന എത്തിയത്. സോളാർ ഫെൻസിംഗ് ഉണ്ടായിരുന്നതിനാൽ ആനക്ക് സഞ്ചാരികളുടെ അടുത്തേക്ക് എത്താനായില്ല. സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് വാച്ചർ ശക്തിവേലും പാർക്കിലെ ജീവനക്കാരും ബഹളം വച്ച് ഒറ്റയാനെ തുരത്തുകയായിരുന്നു. പ്രദേശത്ത് മുമ്പും ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്. പ്ലാവുകളിൽ നിന്നും പതിവായി ചക്ക പറിച്ചു തിന്നുന്നതിനാലാണ് നാട്ടുകാർ ചക്കക്കൊമ്പനെന്ന പേര് നൽകിയത്. വ്യാഴാഴ്ച കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ ആനയിറങ്കലിന് സമീപം ബൈക്ക് യാത്രികർ കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. മറിഞ്ഞുവീണ ബൈക്കിന് സമീപത്തേക്ക് അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന പാഞ്ഞെത്തിയെങ്കിലും ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.