ഇടുക്കി-മദ്യത്തിൽ വിഷം കലർത്തി അമ്മാവനെ കൊന്ന കേസിൽ അറസ്റ്റിലായ സുധീഷുമായി അടിമാലി സി. ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. അടിമാലി അപ്സര കുന്നിൽ നീണ്ടപാറയിലുള്ള സുധീഷിന്റെ വീടിന് സമീപമുള്ള ഷെഡിൽ എത്തിച്ചായിരുന്ന തെളിവെടുപ്പ്. ഇവിടെ വെച്ചായിരുന്നു സുധീഷ് കൊല്ലാൻ ലക്ഷ്യം വെച്ച മനോജിനെ വിളിച്ചു വരുത്തി മദ്യം നൽകിയതും മദ്യത്തിൽ ഏലത്തിന് തളിക്കുന്ന കീടനാശിനിയായ ഓർഗാനോ ഫോസ്ഫറസ് കലർത്തുന്നതും. ഷെഡിൽ നിന്നും കീടനാശിനി കുപ്പി സയന്റിഫിക് വിഭാഗം കണ്ടെടുത്തിരുന്നു. മദ്യകുപ്പിയുടെ അടപ്പ് അടക്കുന്നതിനുള്ള പശയും കണ്ടെടുത്തു.
മനോജ് മദ്യം കഴിച്ചു കൊണ്ടിരിക്കെ അമ്മാവൻ കുഞ്ഞുമോനും സുഹൃത്ത് അനുവും വന്ന് സ്വയം മദ്യം എടുത്ത് കഴിക്കുകയായിരുന്നു എന്ന് പ്രതി പോലീസിനോട് പറഞ്ഞു. തെളിവെടുപ്പിന് ശേഷം മടങ്ങുമ്പോൾ കുഞ്ഞുമോന്റെ ജ്യേഷ്ഠൻ വിൻസന്റ് സുധീഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അബദ്ധം പറ്റിയതാണ് എന്ന് സുധീഷ് പറഞ്ഞു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.