Sorry, you need to enable JavaScript to visit this website.

സൗദി വനിതക്ക് യു.എന്നിൽ ഉന്നത പദവി, രാഷ്ട്രീയകാര്യ ചുമതല

റിയാദ് - സൗദി വനിതകളുടെ കഴിവുകൾക്കുള്ള അംഗീകാരമായി സൗദി അഭിഭാഷക ജൂദ് വാസിൽ അൽഹാരിസിക്ക് ഐക്യരാഷ്ട്രസഭയിൽ ഉന്നത പദവിയിൽ നിയമനം. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിൽ രാഷ്ട്രീയകാര്യ ചുമതലയുള്ള ഉദ്യോഗസ്ഥയായാണ് ജൂദ് അൽഹാരിസിയെ നിയമിച്ചിരിക്കുന്നത്. സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കൽ എന്നിവയെ പിന്തുണക്കുന്ന വിവിധ മേഖലകൾ ജൂദ് അൽഹാരിസിയുടെ ഔദ്യോഗിക ചുമതലകളിൽ പെടുന്നു. സാമൂഹിക വികസനം, സമാധാനം-സുരക്ഷ, മനുഷ്യാവകാശം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ മൂന്നു പ്രധാന മേഖലകളും പ്രവർത്തനത്തിൽ ഉൾപ്പെടുന്നതിനാൽ സംഘടനയുടെ ഘടനയിൽ എക്‌സിക്യൂട്ടീവ് ഓഫീസിന് ഉയർന്നതും തന്ത്രപരവുമായ സ്ഥാനമാണുള്ളത്. 
യു.എന്നിൽ ഉന്നത തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിലും ഓഫീസ് പ്രവർത്തിക്കുന്നു. കൂടാതെ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സ്ഥിരത ഉറപ്പാക്കുന്നതിന് യു.എൻ ഓഫീസുകളിൽ ഉടനീളമുള്ള വിവിധ ടീമുകളെ ഏകോപിപ്പിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ചുമതലയും എക്‌സിക്യൂട്ടീവ് ഓഫീസിനാണ്. മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും യൂറോപ്പിലും പദ്ധതികൾ നടപ്പാക്കാൻ ഊന്നൽ നൽകുന്ന സെക്രട്ടറി ജനറലിന്റെ സമാധാന നിർമാണ ഫണ്ടിന്റെ രാഷ്ട്രീയ, സമാധാന നിർമാണകാര്യ വകുപ്പ് ഓഫീസിൽ മൂന്നു വർഷം ചെലവഴിച്ച ശേഷമാണ് ജൂദ് അൽഹാരിസി സെക്രട്ടറി ജനറലിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിൽ ചേർന്നത്. 
രാഷ്ട്രീയ, മധ്യസ്ഥത വിഭാഗത്തിലും ഇവർ സേവനമനുഷ്ഠിച്ചിരുന്നു. രാഷ്ട്രീയ, സമാധാന നിർമാണ വകുപ്പ് ഓഫീസിൽ പ്രവർത്തിക്കുന്ന കാലത്ത് ആഗോള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സംഘർഷം തടയുന്നതിലും സമാധാനം കെട്ടിപ്പടുക്കുന്നതിലും നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് സേവനമനുഷ്ഠിച്ചിരുന്നത്. ഈ ഓഫീസിൽ പ്രവർത്തിച്ചുകൊണ്ട് സംഘർഷങ്ങൾ കൈകാര്യം ചെയ്യുക, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുക, ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങിനെ സംഘർഷങ്ങൾ നേരിടുന്ന രാജ്യങ്ങളെ സേവിക്കുന്ന നയങ്ങൾ, പദ്ധതികൾ, വിശകലനങ്ങൾ എന്നിവയെ ജൂദ് അൽഹാരിസി പിന്തുണച്ചു. സമാധാനവും സുരക്ഷയും നേരിടുന്ന ഒന്നിലധികം പരസ്പര ബന്ധിതമായ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ തന്ത്രപരമായ സഹകരണത്തിൽ വഴക്കമുള്ളതും സുസ്ഥിരവുമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇവരുടെ കാഴ്ചപ്പാട് അനിതരസാധാരണമാണ്. 
ഐക്യരാഷ്ട്രസഭയിൽ ചേരുന്നതിനു മുമ്പ് ലണ്ടനിലെയും ദുബായിലെയും അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ജൂദ് അൽഹാരിസി ബ്രിട്ടനിലാണ് കഴിഞ്ഞിരുന്നത്. മനുഷ്യക്കടത്തിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ടാൻസാനിയയിലെ കുട്ടികൾക്കായി കഥാപുസ്തകങ്ങൾ വികസിപ്പിക്കാൻ ലോയേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സംഘടനക്കു വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ ഒരു ടീമുമായി ജൂദ് സഹകരിച്ചിരുന്നു. 2014 ൽ ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയ ഫെഡറൽ കോടതിയിൽ സേവനമനുഷ്ഠിച്ചുകൊണ്ട് ക്രിമിനൽ നിയമത്തിലും ജൂദ് അൽഹാരിസി പരിചയസമ്പത്ത് നേടിയിരുന്നു. 

Tags

Latest News