മക്ക - സീറ്റ് ലഭ്യതക്കനുസരിച്ചാണ് ഹജ് പാക്കേജുകൾ പ്രത്യക്ഷപ്പെടുകയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് നടത്തുന്നതിനു മുമ്പായി മുഴുവൻ ഓപ്ഷനുകളും പരിശോധിക്കാൻ സാധിക്കുന്നതിന് എല്ലാ പാക്കേജുകളും പ്രത്യക്ഷപ്പെടാത്തതുമായി ബന്ധപ്പെട്ട് ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ബുക്കിംഗ് പുരോഗമിക്കുന്നതിനനുസരിച്ച് നിരന്തരം പരിഷ്‌കരിക്കുന്ന ഓരോ പാക്കേജിലും ലഭ്യമായ സീറ്റുകൾക്ക് അനുസരിച്ചാണ് പാക്കേജുകൾ പ്രത്യക്ഷപ്പെടുക. ഹജിന് അപേക്ഷിക്കുമ്പോൾ ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റും നുസുക് ആപ്പും വഴി ഹജ് ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ഇത്തവണ ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ വാക്‌സിനേഷനുകൾ പൂർത്തിയാക്കൽ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. കൊറോണ വാക്‌സിനേഷൻ തീർഥാടകർ പൂർത്തിയാക്കണം. കൂടാതെ സീസണൽ ഇൻഫഌവൻസക്കും മെനിഞ്ചൈറ്റിസും എതിരായ വാക്‌സിനുകളും തീർഥാടകർ സ്വീകരിക്കണം. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഗുരുരതമായ മാറാരോഗങ്ങളും പകർച്ചവ്യാധികളും ബാധിച്ചവരാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.