ജിദ്ദ- ഷാറൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച പത്താൻ സിനിമ സൗദിയിൽ പ്രദർശനത്തിനെത്തുന്നു. ഈ മാസം 25-നാണ് പത്താന്റെ സൗദി റിലീസ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ വർഗീയ ശക്തികളുണ്ടാക്കിയ എതിർപ്പിനെ തുടർന്ന് ഏറെ വിവാദമായിരുന്നു. ലോകത്തുടനീളം ഈ മാസം 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. പത്താനിലെ ബേഷറം രംഗ് എന്ന പാട്ടു രംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയെ ചൊല്ലിയാണ് വിവാദം കത്തിയത്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സംഘ്പരിവാർ വിവാദമുണ്ടാക്കിയത്. ഷാറൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചും പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് മലിനമായ മാനസികാവസ്ഥയിലാണെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ സിനിമാശാലകളിൽ ചിത്രത്തിന്റെ പ്രദർശനത്തിനുള്ള ബുക്കിംഗ് തുടങ്ങി.