Sorry, you need to enable JavaScript to visit this website.

കാര്‍ഷിക മേഖലയുടെ വികസനത്തിന് മുഖ്യപരിഗണന- ശൈഖ് ഹംദാന്‍

ദുബായ് - കാര്‍ഷിക മേഖലയുടെ വികസനത്തിനായി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താന്‍ ദുബായ് പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ഡവലപ്‌മെന്റ് ആന്‍ഡ് സിറ്റിസണ്‍സ് അഫയേഴ്‌സ് ഉന്നത സമിതി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. വെള്ളിയാഴ്ച പാം പാര്‍ക്കില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് സൂക്കിന്റെ രണ്ടാം സീസണ്‍ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായുള്ള ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നത് ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെയും ദുബായിലെ പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി പ്രാദേശിക കാര്‍ഷിക ഉല്‍പ്പാദനം ഉയര്‍ത്തുന്നത് നേതൃത്വത്തിന്റെ പ്രധാന മുന്‍ഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ച ഫാര്‍മേഴ്‌സ് സൂഖ് ഒരു സൗജന്യ കാര്‍ഷിക, സാമൂഹിക, നിക്ഷേപ പ്ലാറ്റ്‌ഫോമാണ്. ഇത് പ്രാദേശിക ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കാന്‍ എമിറാത്തി കര്‍ഷകരെ ഒരു കുടക്കീഴില്‍ ശേഖരിക്കാനാണ് ശ്രമം. ഫാര്‍മേഴ്‌സ് സൂഖ് സംരംഭത്തില്‍ പങ്കെടുക്കുന്ന എമിറാത്തി കര്‍ഷകരെ ശൈഖ് ഹംദാന്‍ കാണുകയും പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഇത്തരം സംരംഭങ്ങള്‍ പ്രാദേശിക കര്‍ഷകരെയും ചെറുകിട കാര്‍ഷിക വ്യവസായങ്ങളെയും തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്താന്‍ പ്രാപ്തരാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. പ്രാദേശിക കാര്‍ഷിക മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന കഴിവുകളും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനുള്ള ദുബായിയുടെ ശ്രമങ്ങളുടെ പുരോഗതിയുമാണ് അവരുടെ വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ഹജ്‌രി, പ്രാദേശിക കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും അതിന്റെ സുസ്ഥിരത കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ തീവ്രത എടുത്തുപറഞ്ഞു. പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ജൈവ ഉല്‍പന്നങ്ങള്‍, തേന്‍, ഈന്തപ്പഴം, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക എമിറാത്തി ഫാം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 50ലധികം കിയോസ്‌കുകള്‍ ഫാര്‍മേഴ്‌സ് സൂക്കില്‍ ഈ സീസണില്‍ അവതരിപ്പിക്കുന്നു.
2023 മാര്‍ച്ച് 11 വരെ എല്ലാ ശനിയാഴ്ചയും പാം പാര്‍ക്കുകളില്‍ ഇത് വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ തുറന്നിരിക്കും.

 

 

Latest News