റിയാദ്- നാടകീയതയും ആവേശവും നിറഞ്ഞ മത്സരത്തിനൊടുവിൽ റയൽ ബെറ്റിസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും അവിടെയും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് ഷൂട്ടൗട്ടിൽ റയൽ ബെറ്റിസിന്റെ രണ്ടു ഷോട്ടുകൾ ബാഴ്സ ഗോളി മാർക് ആന്ദ്രെ ടെർ സ്റ്റീഗൻ തടുത്തിട്ടു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ മഡ്രീഡാണ് ബാഴ്സയുടെ എതിരാളികൾ. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ 120 മിനിറ്റിലധികം നീണ്ട സമനിലയ്ക്ക് ശേഷമായിരുന്നു ഷൂട്ടൗട്ട്. കളിയുടെ നാൽപതാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി ബാഴ്സലോണയെ മുന്നിലെത്തിച്ചെങ്കിലും ബെറ്റിസ് പ്ലേമേക്കർ നബീൽ ഫെക്കിർ 13 മിനിറ്റ് ശേഷിക്കെ സമനില പിടിച്ചു. 93-ാം മിനിറ്റിൽ മികച്ച വോളിയിലൂടെ അൻസു ഫാത്തി ബാഴ്സയെ മുന്നിലെത്തിച്ചെങ്കിലും ലോറൻ മോറോൺ തന്ത്രപരമായ ബാക്ക്ഹീൽ ഫ്ലിക്കിലൂടെ ബെറ്റിസിനെ ഒപ്പമെത്തിച്ചു.
ഷൂട്ടൗട്ടിൽ ജുവാൻമിയെ, വില്യം കാർവാലോ എന്നിവരുടെ ഷോട്ടുകൾ ബാഴ്സ ഗോളി തടുത്തിട്ടു. ബാഴ്സക്ക് വേണ്ടി കിക്കെടുത്ത നാലു പേരും ഗോൾ സ്കോർ ചെയ്തു. വലൻസിയയെ തോൽപിച്ചാണ് റയൽ മഡ്രീഡ് ഫൈനലിൽ എത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ആയിരുന്നു റയലിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 39-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കരീം ബെൻസേമ റയലിനെ മുന്നിലെത്തിച്ചു. എന്നാൽ 46-ാം മിനിറ്റിൽ സാമുവൽ ലിനോ വലൻസിയയെ ഒപ്പമെത്തിച്ചു. ഇതിന് ശേഷം ഇരു ടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്റെ ജയം.