ഫൈനൽ എക്സിറ്റ് അടിച്ച ശേഷം ഹുറൂബ് ആക്കാനാവുമോ?
ചോദ്യം: ഫൈനൽ എക്സിറ്റ് അടിച്ച ശേഷം രാജ്യം വിട്ടില്ലെങ്കിൽ സ്പോൺസർക്ക് ഹുറൂബ് (ഒളിച്ചോട്ടം) ആക്കി മാറ്റാനാവുമോ?
ഉത്തരം: ഫൈനൽ എക്സിറ്റ് അടിച്ച ശേഷം തൊഴിലാളി രാജ്യം വിട്ടു പോയിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത സ്പോൺസറുടേതാണ്. ഫൈനൽ എക്സിറ്റ് അടിച്ചാൽ 60 ദിവസം കൂടി സൗദിയിൽ തങ്ങാം. അതിനു മുൻപ് വേണമെങ്കിൽ സ്പോൺസർക്ക് ഫൈനൽ എക്സിറ്റ് റദ്ദാക്കാം. ഫൈനൽ എക്സിറ്റ് അടിച്ച ശേഷം തൊഴിലാളി രാജ്യം വിട്ടുപോവാതിരിക്കുകയോ സ്പോൺസറുമായി ബന്ധപ്പെടാതിരിക്കുകയോ ചെയ്താൽ സ്പോൺസർക്ക് ഫൈനൽ എക്സിറ്റ് റദ്ദാക്കുകയും അതിനു ശേഷം ഹുറൂബ് ആക്കുകയും ചെയ്യാം. എന്തായാലും ഫൈനൽ എക്സിറ്റ് അടിച്ചാൽ രാജ്യം വിട്ടു പോകൽ നിർബന്ധമാണ്.
ഡിജിറ്റൽ ഇഖാമക്ക് വിലയുണ്ടോ?
ചോദ്യം: ഡിജിറ്റൽ ഇഖാമ അധികൃതരുടെ മുൻപാകെ കാണിക്കാമോ? കാണിച്ചാൽ അതിനു വിലയുണ്ടോ?
ഉത്തരം: ഡിജിറ്റൽ ഇഖാമ ഏതാവശ്യത്തിനും അധികൃതർ മുമ്പാകെ കാണിക്കാം. അതു സ്വീകാര്യമാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ഡിജിറ്റൽ ഇഖാമ സ്വീകാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ആശ്രിതരുടെയും ഡിജിറ്റൽ ഇഖാമ എവിടെയും സ്വീകാര്യമാണ്. അബ്ശിർ ലോഗിൻ ചെയ്ത് ഡിജിറ്റൽ ഇഖാമ ഡൗൺലോഡ് ചെയ്യാം. അബ്ശിറിൽ സർവീസസ് ലിസ്റ്റ് ഓപ്ഷനിൽ ഷോ ഡോക്യുമെന്റ്സിൽ റസിഡന്റ് പെർമിറ്റ് ഓപ്ഷൻ ക്ലിക് ചെയ്താൽ ഡിജിറ്റൽ ഇഖാമ ലഭിക്കും.
സ്പോൺസർഷിപ് മാറ്റവും പാസ്പോർട്ട് കാലാവധിയും
ചോദ്യം: കാലാവധി കഴിഞ്ഞ പാസ്പോർട്ട് കൊണ്ട് സ്പോൺസർഷിപ് മാറ്റം സാധ്യമാണോ?
ഉത്തരം: പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ സ്പോൺസർഷിപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവില്ല. പാസ്പോർട്ട് കാലാവധി കഴിഞ്ഞതാണെങ്കിൽ സ്പോൺസർഷിപ് നടപടികളിലേക്ക് കടക്കുന്നതിനു മുൻപായി പാസ്പോർട്ട് പുതുക്കണം. അതിനു ശേഷം ജവാസാത്തിൽ പാസ്പോർട്ട് അപ്ഡേഷനും നടത്തണം. അതിനു ശേഷമേ സ്പോൺസർഷിപ് മാറ്റാൻ കഴിയൂ.