Sorry, you need to enable JavaScript to visit this website.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ വിചാരണ: അപലപിച്ച് ഇൻഫർമേഷൻ മന്ത്രി

സാമൂഹിക മാധ്യമ സെലിബ്രിറ്റികളായ അഹ്മദ് ഹജർ, മുസ്ത അൽമൂമരി, അഹ്മദ് അലാവു, ഹമൂദ് അൽമിസ്ബാഹി എന്നിവർ സൻആയിൽ ഹൂത്തി കോടതിയിൽ

ഏദൻ - സാമൂഹിക മാധ്യമ സെലിബ്രിറ്റികളായ അഹ്മദ് ഹജർ, മുസ്ത അൽമൂമരി, അഹ്മദ് അലാവു, ഹമൂദ് അൽമിസ്ബാഹി എന്നിവരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ വിചാരണ ചെയ്യുന്നതിനെ യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽഇർയാനി ശക്തമായ ഭാഷയിൽ അപലപിച്ചു. ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ അഴിമതിയെയും കടുത്ത ജീവിത സാഹചര്യങ്ങളെയും വിമർശിച്ചതിന് നാലു പേരെയും രണ്ടാഴ്ച മുമ്പ് ഹൂത്തികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഇവരെ ഹൂത്തി കോടതി വിചാരണ ചെയ്തു. യെമനിൽ ഹൂത്തി നിയന്ത്രണ പ്രദേശങ്ങളിൽ മാധ്യമ സ്വാതന്ത്ര്യമില്ല.
നിയമ വിരുദ്ധ കോടതിയിലെ ഈ വിചാരണ നാടകം അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ശേഷം മാധ്യമ പ്രവർത്തകരെ ഭയപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും സിവിലിയൻമാർക്കെതിരെ ഹൂത്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളും ആക്രമണങ്ങളും മൂടിവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാധ്യമ പ്രവർത്തകർക്കെതിരെ ഹൂത്തികൾ നടത്തിയ അടിച്ചമർത്തലുകളുടെയും ഹൂത്തി കോടതികളിലേക്ക് വലിച്ചിഴച്ച് വധശിക്ഷകൾ വിധിച്ചതിന്റെയും തുടർച്ചയാണ്.
അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഹൂത്തികൾ ആളുകളെ വിചാരണ ചെയ്യുന്നത് എതിരാളികളെ തട്ടിക്കൊണ്ടുപോയി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇറാൻ ഭരണകൂടത്തിന്റെ രീതികൾ പിന്തുടരാനുള്ള ഹൂത്തികളുടെ സ്ഥിരോത്സാഹമാണ് വ്യക്തമാക്കുന്നത്. സൻആയും ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളും മാധ്യമ പ്രവർത്തനത്തിന് സുരക്ഷിത അന്തരീക്ഷമല്ല എന്ന കാര്യം ഇത് സ്ഥിരീകരിക്കുന്നു. ജനകീയ പ്രക്ഷോഭത്തിനുള്ള ആഹ്വാനങ്ങളെ ശമിപ്പിക്കുന്നതിൽ ഹൂത്തികളുടെ ഈ ക്രിമിനൽ പ്രവൃത്തികൾ വിജയിക്കില്ല. യെമനികളുടെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവർന്ന ഹൂത്തികൾ പൗരന്മാരെ വ്യവസ്ഥാപിതമായി പട്ടിണിക്കിടുകയും ദരിദ്രരാക്കുകയുമാണ് ചെയ്യുന്നത്. യെമനെ പതിറ്റാണ്ടുകളോളം പിന്നിലേക്കാണ് ഹൂത്തികൾ കൊണ്ടുപോയത്. വിലപേശലിനും ബ്ലാക്ക്‌മെയിലിംഗിനും ഇറാന്റെ കൈയിലെ തുറുപ്പുചീട്ടായി യെമനെ ഉപയോഗിക്കാനും അറബ്, അന്തർദേശീയ ചുറ്റുപാടുകളിൽ നിന്ന് രാജ്യത്തെ ഒറ്റപ്പെടുത്താനുമാണ് ഹൂത്തികൾ ശ്രമിക്കുന്നത്.
തങ്ങളുടെ നിയന്ത്രണങ്ങളിലുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും നേരെ ഹൂത്തികൾ നടത്തുന്ന തട്ടിക്കൊണ്ടു പോകലുകളിലും നിർബന്ധിത തിരോധാനങ്ങളിലും അന്യായ വിചാരണകളിലും വധശിക്ഷ പ്രഖ്യാപനങ്ങളിലും അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനം ആശ്ചര്യകരമാണ്. രാഷ്ട്രീയ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഭയപ്പെടുത്താനും സ്വാതന്ത്ര്യത്തിലും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ശബ്ദമുയർത്തുന്നതിൽ നിന്ന് അവരെ തടയാനുമാണ് ഹൂത്തികൾ ശ്രമിക്കുന്നത്. അന്യായ വിചാരണകൾ നിർത്തിവെച്ച് മുഴുവൻ മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഉടനടി വിട്ടയക്കാൻ ഹൂത്തി മിലീഷ്യകൾക്കു മേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്ന് മുഅമ്മർ അൽഇർയാനി ആവശ്യപ്പെട്ടു.
യെമനിലേക്കുള്ള ആയുധക്കടത്ത് ഇറാൻ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച 2116 കലാഷ്‌നിക്കോവ് തോക്കുകൾ വഹിച്ച ഇറാൻ കപ്പൽ പിടികൂടിയെന്ന അമേരിക്കൻ നാവിക സേനയുടെ പ്രഖ്യാപനം യു.എൻ രക്ഷാസമിതി 2216 ാം നമ്പർ പ്രമേയവും അന്താരാഷ്ട്ര നിയമങ്ങളും നഗ്നമായി ലംഘിച്ച് ഇറാൻ ഭരണകൂടം ഹൂത്തികൾക്ക് ആയുധങ്ങൾ കടത്തി നൽകുന്നത് കൂടുതൽ ശക്തമാക്കിയെന്നാണ് വ്യക്തമാക്കുന്നത്. രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച ആയുധ ശേഖരം അമേരിക്കൻ നാവിക സേന പിടികൂടുന്നത്. യു.എൻ മേൽനോട്ടത്തിൽ നടപ്പാക്കിയ വെടിനിർത്തൽ അവസാനിച്ച ശേഷം ആയുധങ്ങളും മിസൈൽ ഘടകങ്ങളും ഡ്രോണുകളും കടത്തി ഹൂത്തികൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇറാൻ ഭരണകൂടം ശക്തമാക്കിയത് യെമനിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതിൽ ഇറാനുള്ള പങ്കാണ് വ്യക്തമാക്കുന്നത്.
യെമനിലും മേഖലയിലും സുരക്ഷയും സ്ഥിരതയും തകർക്കാനും സമുദ്ര ഗതാഗതത്തിനും ആഗോള ഊർജ വിതരണത്തിനും ഭീഷണി സൃഷ്ടിക്കാനുമുള്ള ഉപകരണമെന്നോണം ഹൂത്തികളെ ഇറാൻ ഉപയോഗിക്കുകയാണ്. ഇറാനിലെ വിവിധ പ്രവിശ്യകളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ചു വരികയും ആണവ പ്രശ്‌നത്തിൽ ആഗോള സമൂഹവുമായി നടത്തുന്ന ചർച്ചകൾ തുടർച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മേഖല രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനാണ് ഇറാൻ ഭരണകൂടം ശ്രമിക്കുന്നത്. മേഖല രാജ്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കാനും മേഖലയിൽ തങ്ങളുടെ വിപുലീകരണ അജണ്ട നടപ്പാക്കാനും മേഖല രാജ്യങ്ങളിൽ സുരക്ഷയും സ്ഥിരതയും തകർക്കാനുമുള്ള ഉപകരണമെന്നോണം ഹൂത്തികളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ആഗോള സമൂഹവും യു.എൻ രക്ഷാസമിതി സ്ഥിരാംഗങ്ങളും ഇറാനു മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി ആവശ്യപ്പെട്ടു.

Tags

Latest News