മുംബൈ- വിമാനത്തിലെ മൂത്രമൊഴിക്കല്‍ വിവാദങ്ങള്‍ക്കു പിറകെ, ആകാശത്തുവെച്ച് സംഭവിച്ച പ്രണയാഭ്യര്‍ഥനയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രിയപ്പെട്ടവള്‍ക്കു മുന്നില്‍ മുട്ടുകുത്തി ഇരുന്ന് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവാണ് വീഡിയോയില്‍.
എയര്‍ ഇന്ത്യ വിമാനത്തില്‍ ജനുവരി രണ്ടിനായിരുന്നു സംഭവം. ലണ്ടനില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍നിന്ന് ഹൈദരാബാദിലേക്കു പോയി അവിടെനിന്ന് പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ യാത്ര ചെയ്താണ് യുവാവിന്റെ പ്രണയാഭ്യര്‍ഥന. എയര്‍ ഇന്ത്യാ അധികൃതരെ വിവരമറിയിച്ചശേഷമാണ് യുവാവ് അവരുടെ സഹായത്തോടെ, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.
ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിമാന യാത്രയ്ക്കിടെ യാ്രതക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് എയര്‍ ഇന്ത്യ നിരന്തരവിവാദങ്ങളില്‍ പെട്ട സമയത്താണ് സോഷ്യല്‍ മീഡിയയില്‍ അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ശ്രമം.
വിമാനം പറന്നു കൊണ്ടിരിക്കെ യുവാവ് തന്റെ വിവാഹ അഭ്യര്‍ത്ഥന എഴുതിയ പിങ്ക് കടലാസ് ഉയര്‍ത്തിക്കാട്ടി യുവതിയുടെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. യാത്രക്കാരെല്ലാവരും കൈയടിക്കുന്നതിനിടെ യുവാവിനെ കണ്ട അമ്പരപ്പിലായിരുന്ന യുവതി സീറ്റില്‍നിന്ന് എഴുന്നേറ്റുവന്നു. തുടര്‍ന്് യുവാവ്, മുട്ടുകുത്തി അവള്‍ക്ക് മോതിരം അണിയിച്ചു. അവള്‍ അവനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതി ലണ്ടനില്‍നിന്ന് വരുന്ന വിവരമറിഞ്ഞ്, യുവാവ് സുഹൃത്തായ എയര്‍ ഇന്ത്യാ ജീവനക്കാരനെ സമീപിക്കുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കാര്യം അറിയിച്ച യുവാവിനെ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഇത് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വിമാന യാത്രക്കാരനെ ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി അവര്‍ കൂടെ അയക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയാ ഷെയര്‍ ചെയ്യുന്നത് എന്ന അടിക്കുറിപ്പോടെയാണ് എയര്‍ ഇന്ത്യ ഇത് ട്വീറ്റ് ചെയ്തത്.
Love is in the Air #AirIndia #Proposal #AI #Aviation #Avgeek #marriage #Tata @airindiain @TataCompanies pic.twitter.com/kIGHdXe9DD
— Aman Gulati (@iam_amangulati) January 12, 2023