ബെയ്ജിങ്- ചൈനയില്‍ മുസ്ലിംകളോട് രാജ്യസ്‌നേഹം തെളിയിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം. ഇതിന്റെ ഭാഗമായി പള്ളികളില്‍ എല്ലാവരും കാണുന്ന രീതിയില്‍ ദേശീയ പതാക ഉയര്‍ത്തുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ മുസ്ലിം പണ്ഡിതന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുസ്ലിംകളുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ചൈന ഇസ്ലാമിക് അസോസിയേഷനാണ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.
ദേശീയതയും പൗരബോധവും ശക്തിപ്പെടുത്താനും വിവിധ മുസ്ലിം വംശജര്‍ക്കിടയില്‍ രാജ്യസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ പള്ളികളില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ഇവ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ സഹായത്തോടെ വിശ്വാസികള്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്.
പള്ളി അധികൃതര്‍ ചൈനീസ് ഭരണഘടനയും നിയമങ്ങലും സംബന്ധിച്ച് വിശ്വാസികള്‍ക്ക് ക്ലാസു നല്‍കണമെന്നും നിര്‍ദേശമുണ്ട്്. ചൈനക്കാരായ മുസ്ലിം പണ്ഡിതരുടെ അധ്യാപനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. ചൈനീസ് ക്ലാസിക്കുകള്‍ പഠിപ്പിക്കണം. ചൈനീസ് സംസ്‌ക്കാരം പഠിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
വിശ്വാസികളുടെ ജനസംഖ്യ കൂടുതലുള്ള നിങ്ഷിയ, ബെയ്ജിങ്, ഗാന്‍സു, കിങ്ഹായ്, ഷിന്‍ജിയാങ് എന്നീ മേഖലകളില്‍ പ്രത്യേക പ്രചാരണ നടത്താനും പദ്ധതിയുണ്ട്. ചൈനയില്‍ പത്ത് വ്യത്യസ്ത വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലായി രണ്ടു കോടിയോളം മുസ്ലിംകള്‍ ഉണ്ട്. മറ്റു രാജ്യങ്ങള്‍ക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് ചൈനയിലും റമദാനു തുടക്കമായത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെയും ജനങ്ങളുടേയും താല്‍പര്യത്തിനൊപ്പം നില്‍ക്കണമെന്നും വിശ്വാസികളോട് ആവശ്യപ്പെട്ട് ചൈന ഈയിടെ ധവളപത്രം ഇറക്കിയിരിക്കുന്നു. സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിന് മതവിശ്വാസത്തെ ഉപയോഗപ്പെടുത്തണമെന്നും ഈ രേഖ ആവശ്യപ്പെടുന്നു.