ബംഗളുരു- കര്‍ണാകട മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബംഗളുരു കണ്ഠീവര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടേയും ദേശീയ പ്രതിപക്ഷ നേതാക്കളുടേയും ഏറ്റവും വലിയ സംഗമ വേദിയാകും. പ്രതിപക്ഷ ശക്തിപ്രകടനമാകുന്ന വേദിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ എല്‍ഡിഎസ് സര്‍ക്കാരില്‍ സഖ്യകക്ഷി കൂടിയാണ് ജെഡിഎസ്.
മുഖ്യമന്ത്രിമാര്‍ക്കു പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറം യെച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ബിഹാറില്‍ നിന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കുമാരസ്വാമി അറിയിച്ചു. രാഹുലിനേയും സോണിയയേയും കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തി നേരിട്ടാണ് കുമാരസ്വാമി ചടങ്ങിനു ക്ഷണിച്ചത്.