ന്യൂദല്‍ഹി- കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലറുമായി (ജെഡിഎസ്) കൈകോര്‍ക്കാന്‍ പോയ കാല അസ്വാരസ്യങ്ങളെല്ലാം മറക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തിങ്കളാഴച വൈകുന്നേരം കുമാരസ്വാമിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നേതാവ് സോണിയാ ഗാന്ധി എന്നിവര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. ജെഡിഎസുമായുള്ള സഖ്യം കര്‍ണാകടയില്‍ അധികാരം പങ്കിടലില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും നേതാക്കളുടെ ചര്‍ച്ചയില്‍ വിഷയമായി.
ഈ പുതിയ ബന്ധത്തിനും പുതു യുഗത്തിന് തുടക്കം കുറിക്കാനും പോയ കാലം മറക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് രാഹുലും സോണിയയും പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത കര്‍ണാടക ചുമതലയുള്ള എഐസിസി നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ ബന്ധം കര്‍ണാടകയില്‍ മാത്രം ഒതുങ്ങില്ലെന്നും ഭാവികൂടി മുന്നില്‍ കണ്ടാണെന്നും ഇരു പാര്‍ട്ടികളും വ്യക്തമാക്കി. ഈ ബന്ധം ഊഷമളമാകുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28 സീറ്റില്‍ ഭൂരിപക്ഷവും സ്വന്തമാക്കാനാകുമെന്ന് കണക്കുകൂട്ടലിലാണ് ഇരു പാര്‍ട്ടികളും.
2004-ല്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയിരുന്നെങ്കിലും രണ്ടു വര്‍ഷം തികയും മുമ്പെ ഉടക്കിപ്പിരിഞ്ഞിരുന്നു. മുതിര്‍ന്ന ജെഡിഎസ് നേതാവായിരുന്ന സിദ്ധാരാമയ്യ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ഇതിനിടെയാണ്. ഇതോടെ കുമാരസ്വാമി കോണ്‍ഗ്രസ് ബന്ധം വേര്‍പ്പെടുത്തി ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു.