ബംഗളുരു- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. വിജയപൂര്‍ ജില്ലയില്‍ വിവിപാറ്റ് മെഷീനുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി. ചെയ്ത വോട്ടുകള്‍ വെരിഫൈ ചെയ്യുന്ന വിവിപാറ്റ് മെഷീനുകള്‍ ഉപേക്ഷിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നുവെന്ന കമ്മീഷന്റെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് യെദ്യൂരപ്പ ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി റാവത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനെ തുടര്‍ന്ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ രണ്ടു ദിവസത്തിനു ശേഷം രാജിവെക്കേണ്ടി വന്നിരുന്നു.
വിജയപൂരില്‍ എട്ടു വിവിപാറ്റ് മെഷീനുകളാണ് കണ്ടെത്തിയതെന്ന് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞീവ് കുമാര്‍ സ്ഥിരീകരിച്ചു. ആറക്ക ബാര്‍ കോഡുള്ള വിവിപാറ്റ് മെഷീനുകള്‍ എവിടെയാണെങ്കിലും കണ്ടെത്താനാകുമെന്നും ഇവ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിജയപൂരില്‍ കണ്ടെത്തിയ വിവിപാറ്റ് മെഷീനുകളില്‍ ആറക്ക ബാര്‍ കോഡ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ പുറത്തേക്ക് പ്രിന്റ് ചെയ്തെടുക്കുന്ന അനുബന്ധ യന്ത്രമാണ് വിവിപാറ്റ്. ഏതു ചിഹ്നത്തിലാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് ഇതിലൂടെ അറിയാന്‍ കഴിയും.
വിജയപൂരില്‍ കണ്ടെത്തിയ വിവിപാറ്റ് മെഷീനുകള്‍ ഗുജറാത്തിലെ ഒരു കമ്പനി നിര്‍മ്മിച്ചവയാണ്. ഇവ യഥാര്‍ഥ വിവിപാറ്റ് മെഷീനുകളുമായി സമാനതകളുണ്ടെങ്കിലും വോട്ടെടുപ്പില്‍ ഉപയോഗിക്കുന്നവയല്ലെന്നും തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു. ഇതുപയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പു ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.