Sorry, you need to enable JavaScript to visit this website.

സി.പി.എം ഭീഷണി; പിന്നാലെ സമരപ്പന്തൽ തീവെച്ചു ചാരമാക്കി

പയ്യന്നൂർ - സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ കാങ്കോലിൽ ജനകീയ സമരസമിതിയുടെ സമരപ്പന്തൽ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം.
കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെകാങ്കോൽ കരിയാപ്പിൽ പ്രവർത്തിക്കുന്ന സാഗർ പേൾ സീ ഫുഡ് മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ ജനകീയ  സമരപന്തലിനാണ് തീയിട്ടത്. സമര പന്തൽ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവെക്കുകയായിരുന്നു. പ്രതീകാത്മക സമരപ്പന്തൽ പൊളിച്ച് കത്തിച്ചതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം നടക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സ്ഥിരമായി ആളുകൾ പന്തലിൽ ഇരിക്കാറില്ല.  പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിനെതിരെ
സമരസമിതി നേതാവ് ജോബി പീറ്ററിനെ സി.പി.എം ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കാങ്കോലിലെ സമരപ്പന്തൽ അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്. സി.പി.എം ശക്തി കേന്ദ്രങ്ങളിൽ ഒന്നാണീ പ്രദേശം. നേരത്തെ ഭീഷണി ഉയർത്തിയതിനെതിരെ ജോബി പീറ്റർ പോലീസിൽ പരാതി നൽകിയിരുന്നു. 
സാഗർ പേൾ സീ ഫുഡ് മത്സ്യ കമ്പനി പുറംതള്ളുന്ന മാലിന്യങ്ങൾ മൂലം പ്രദേശവാസികൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിനെതിരായാണ് ജനകീയ സമരം ആരംഭിച്ചതെന്നും ജോബി പീറ്റർ പറഞ്ഞു. 
പഞ്ചായത്ത് ഭരണസമിതിയും സ്വദേശികളായ സി.പി.എം നേതൃത്വവും കമ്പനി മുതലാളിമാർക്കൊപ്പം നിൽക്കുകയാണ്. സമരക്കാർക്ക് നേരെ വധഭീഷണി മുഴക്കുകയുമാണ്. 
നാട്ടുകാർക്കൊപ്പം നിൽക്കാതെ മുത തലാളിമാരുടെ പക്ഷം ചേരുകയും പാർട്ടി അനുഭാവികളായ തങ്ങൾക്ക് നേരെ പാർട്ടിക്കാരിൽനിന്ന് തന്നെ ഭീഷണി നിലനിൽക്കയുമാണ്. സമരത്തിന് മുൻപന്തിയിൽ നിന്നതിന്റെ പേരിൽ ലോക്കൽ സെക്രട്ടറിയിൽനിന്ന് തങ്ങൾക്ക് നേരെ ശാരീരിക ഭീഷണി ഉയർന്നതിനെത്തുടർന്ന് ലോക്കൽ സെക്രട്ടറിക്കെതിരെ പെരിങ്ങോം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജോബി പീറ്റർ പറഞ്ഞു.
സ്ഥലത്ത് നടന്ന ഗൃഹസന്ദർശന പരിപാടിയിൽ എം.എൽ.എ പങ്കെടുത്തിട്ടില്ല. പാർട്ടിക്കാരിൽ ചിലരുടെ താൽപര്യങ്ങൾ സംര ക്ഷിക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നതെന്നും, സമരത്തെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി കമ്പനി പ്രവർത്തനം നിർത്തിവെച്ചിരിക്കയാണെന്നും ദുർഗ്ഗന്ധം സഹിച്ച് അവിടെ ജീവിക്കാൻ പറ്റാത്ത സാഹചര്യ ത്തിൽ പാർട്ടി ഇടപെട്ട് നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും ജോബി പീറ്റർ പറഞ്ഞു. സമരപന്തൽ കത്തിച്ച സംഭവത്തിൽ പരാതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരം പരാജയപ്പെട്ടതിനെത്തുടർന്ന് ചില അരാഷ്ട്രീയവാദികളാണ് സമരപന്തൽ തീവെച്ചു നശിപ്പിച്ചതെന്നാണ് സംശയിക്കുന്നതെന്ന് സി.പി.എം നേതൃത്വം പറയുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന്(വ്യാഴം) പാർട്ടി മുൻകൈയെടുത്ത് വിശദീകരണ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Latest News