അബഹ - ഖമീസ് മുഷൈത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടി ലേനാ മുഹമ്മദിനെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് സൗദി നിയമ വിദഗ്ധൻ ഹുസൈൻ അൽഫൈഫി അര ലക്ഷം റിയാൽ പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു മാസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. ബാലികയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് താൻ സ്വന്തം നിലക്ക് അര ലക്ഷം റിയാൽ കൈമാറുമെന്ന് ഹുസൈൻ അൽഫൈഫി ട്വിറ്ററിലൂടെ അറിയിച്ചു.
ലേനയുടെ മാതാവ് മകളെ കണ്ടെത്താൻ വോയ്‌സ് ക്ലിപ്പിംഗിലൂടെ എല്ലാവരുടെയും സഹായം തേടിയിരുന്നു. സ്‌കൂളിലേക്ക് പോയ മകൾ പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നു. മകൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. കണ്ണുകളിൽ ഒന്നിന് കാഴ്ചക്കുറവുമുണ്ട്. മകൾ സംസാര പ്രശ്‌നങ്ങളും നേരിടുന്നു. സ്‌കൂൾ സമയങ്ങളിൽ അച്ചടക്കം പാലിക്കാനുള്ള കഴിവില്ലായ്മയും ഹോം സ്റ്റഡിയിലേക്ക് മാറ്റിയതും കാരണം കാണാതാകുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ മകൾക്ക് വിഷമവും വിഷാദവും അനുഭവപ്പെട്ടിരുന്നു. പതിമൂന്നു വയസ്സ് പ്രായമുള്ള മകൾക്ക് ഏഴു വയസ്സിന്റെ ബുദ്ധിവളർച്ച മാത്രമാണുള്ളതെന്നും ലേനയുടെ മാതാവ് പറഞ്ഞു.