Sorry, you need to enable JavaScript to visit this website.

എല്ലാം മദ്യലഹരയില്‍, ഒന്നും ഓര്‍മയില്ല; ബോംബ് സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍-കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോബ് വെച്ചതായി ഫോണ്‍ സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി നാലുവയല്‍ സ്വദേശി പി.എ റിയാസാണ് പിടിയിലായത്. ടൗണ്‍ സി.ഐ, പി.എ ബിനു മോഹന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ സി.എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബോംബ് ഭീഷണി യെത്തുടര്‍ന്ന് കഴിഞ്ഞ രാത്രി മണിക്കൂറുകള്‍ സ്‌റ്റേഷനും പരിസരവും പരിഭ്രാന്തിയിലായിരുന്നു. ബോംബ് സ്‌ക്വാഡും, ശ്വാന വിഭാഗവും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല.
കണ്ണൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് മെസേജ് വന്നത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു മെസേജ്.
 രാത്രി അടിയന്തര സഹായത്തിനുള്ള എമര്‍ജന്‍സി നമ്പറായ 112ലേക്കാണ് ഫോണ്‍ വിളി വന്നത്. ഇ.ആര്‍.എസ്.എസ്. (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) പ്രകാരം കോള്‍ തിരുവനന്തപുരം സര്‍വറില്‍ എത്തി. അവിടെ നിന്ന് കണ്ണൂര്‍ സിറ്റി പോലീസിലേക്ക് മെസേജ് വരികയായിരുന്നു. ഉടന്‍ ബോംബ് ശ്വാന വിഭാഗവും ടൗണ്‍ പോലീസും എത്തി. റെയില്‍വേ സുരക്ഷാസേന, റെയില്‍വേ പോലീസ് എന്നിവയുമായി ചേര്‍ന്ന് പരിശോധന നടത്തി.
സ്‌റ്റേഷനിലെത്തിയ വണ്ടികളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്‌റ്റേഷനിലെ ബോംബ് ഭീഷണി തീവണ്ടി ഗതാഗതത്തെ ബാധിച്ചില്ല. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, ടൗണ്‍ എസ്.ഐ. കെ. പുരുഷോത്തമന്‍, ബോംബ് സ്‌ക്വാഡ് എസ്.ഐ. എം.സി. ജിയാസ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
112ലേക്ക് വിളിച്ച മൊബൈല്‍ നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞു. ആളെ ചോദ്യം ചെയ്തപ്പോള്‍ പ്രസ്തുത നമ്പര്‍ തന്റെ കൈയ്യിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കളഞ്ഞുകിട്ടിയ സിം ഉപയോഗിച്ചാണ് ഫോണ്‍ വിളിച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. മദ്യലഹരിയിലാണ് സന്ദേശം നല്‍കിയതെന്നും ഇതേക്കുറിച്ച് മറ്റൊന്നും ഓര്‍മ്മയില്ലെന്നുമാണ് പ്രതി പറയുന്നത്.

 

Latest News