റിയാദ് - സൗദി പൗരത്വ നിയമത്തിലെ എട്ടാം വകുപ്പില്‍ ഭേദഗതി വരുത്തി രാജകല്‍പന പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രിയുടെ തീരുമാന പ്രകാരം പൗരത്വം അനുവദിക്കുമെന്ന് അനുശാസിക്കുന്ന വകുപ്പ് ഭേദഗതി ചെയ്ത്, ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരം സൗദി പൗരത്വം അനുവദിക്കുമെന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ആവശ്യമായ വ്യവസ്ഥകള്‍ പൂര്‍ണമാകുന്ന പക്ഷം, വിദേശിയായ പിതാവിനും സൗദി വനിതയായ മാതാവിനും സൗദി അറേബ്യക്കകത്ത് പിറക്കുന്ന മക്കള്‍ക്ക് ആഭ്യന്തര മന്ത്രിയുടെ തീരുമാന പ്രകാരം സൗദി പൗരത്വം അനുവദിക്കാവുന്നതാണെന്ന് ഭേദഗതി വരുത്തുന്നതിനു മുമ്പ് പൗരത്വ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിച്ചിരുന്നു.
പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകല്‍, തുടര്‍ച്ചയായി പത്തു വര്‍ഷത്തില്‍ കുറയാത്ത കാലം സൗദിയില്‍ താമസം, ശാരീരികവും മാനസികവുമായ പൂര്‍ണ ആരോഗ്യം, നല്ല പെരുമാറ്റം, സദാചാര കേസില്‍ ആറു മാസത്തില്‍ കവിയുന്ന കാലത്തേക്ക് തടവിന് ശിക്ഷിക്കപ്പെടാതിരിക്കല്‍, സൗദി അറേബ്യക്ക് ആവശ്യമായ പ്രൊഫഷനുകളില്‍ പെട്ടവര്‍ (അജ്ഞാത പിതാവിനും വിദേശ മാതാവിനും സൗദിയില്‍ പിറന്നവരെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെടും), നിയമാനുസൃത മാര്‍ഗങ്ങളില്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നതായി തെളിയിക്കല്‍, അറബി പരിജ്ഞാനം എന്നീ വ്യവസ്ഥകള്‍ പൂര്‍ണമാകുന്ന വിദേശിക്ക് സൗദി പൗരത്വം അനുവദിക്കാവുന്നതാണെന്ന് പൗരത്വ നിയമത്തിലെ ഒമ്പതാം വകുപ്പ് അനുശാസിക്കുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇിവടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക