ഉത്തര്‍പ്രദേശ് : ഇത് കുട്ടിക്കളിയായി കണക്കാകാകനാവില്ല, ക്രിമിനല്‍ പ്രവൃത്തി തന്നെയാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒടുവില്‍ പൊലീസ് പിടികൂടി. കത്തിമുനയില്‍ നിര്‍ത്തിയാണ് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ്.പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തത്. പതിനാറുകാരനും ഒരു സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത് എന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രവികുമാര്‍ റായ് പറഞ്ഞു.ആണ്‍കുട്ടിയും സുഹൃത്തും എത്തുമ്പോള്‍ പെണ്‍കുട്ടി നിലം തുടച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള്‍ കുട്ടിയുടെ കഴുത്തില്‍ കത്തി ചേര്‍ത്ത് പിടിച്ചു. പിന്നീട് ബലമായി അവളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു.
ഭയന്നുപോയ പെണ്‍കുട്ടി ഉറക്കെ ഒച്ചവച്ചു. എന്നാല്‍, ആരെങ്കിലും വരുന്നതിന് മുമ്പ് ആണ്‍കുട്ടിയും സുഹൃത്തും ഓടി രക്ഷപ്പെട്ടു. ഡ്രൈവറായ അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി എല്ലാം അച്ഛനോട് പറഞ്ഞു. പിന്നാലെ അച്ഛന്‍ നേരെ ചെന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പോക്‌സോ ആകട് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരെ കേസ് എടുത്തത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആണ്‍കുട്ടികള്‍ വന്ന മോട്ടോര്‍സൈക്കിള്‍ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ പതിനാറുകാരനെ കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയും പിന്നാലെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തു.
ആണ്‍കുട്ടിക്ക് ചെയ്തതില്‍ ഒരു പശ്ചാത്താപവും തോന്നിയിരുന്നില്ല എന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ താനവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നത്രെ എട്ടാം ക്ലാസുകാരന്‍ പറഞ്ഞത്.