മുംബൈ-ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ല എന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. എന്നാല്‍ മുസ്‌ലീങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണം എന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഓര്‍ഗനൈസര്‍, പാഞ്ചജന്യ എഡിറ്റര്‍മാര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം എന്നും രാജ്യത്ത് ജീവിക്കുന്ന മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും ഇല്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാം ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ അതേ സമയം, മുസ്‌ലീങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ വാചാടോപങ്ങള്‍ ഉപേക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉന്നതമായ വംശമാണ് എന്നും ഒരിക്കല്‍ തങ്ങളിവിടെ ഭരിച്ചു എന്നും വീണ്ടും ഭരിക്കും എന്നുമുള്ള ചിന്ത ഒഴിവാക്കണം. അവരുടെ പാത മാത്രമാണ് ശരി ബാക്കിയെല്ലാം തെറ്റാണ് എന്നൊന്നും പറയുന്നതില്‍ കാര്യമില്ല.
നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന തരത്തിലുള്ള യുക്തി മുസ്‌ലീങ്ങള്‍ ഉപേക്ഷിക്കണം. ഇവിടെ താമസിക്കുന്ന ഹിന്ദുവോ കമ്മ്യൂണിസ്റ്റോ ആകട്ടെ ഈ യുക്തി ഉപേക്ഷിക്കണം എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ് എന്നും അത് ദേശീയതയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാവരേയും നമ്മുടേതായി കണക്കാക്കുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന ഒരു സ്വഭാവമാണ് അത്. ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടേത് മാത്രമാണ് സത്യം എന്നും ബാക്കിയെല്ലാം തെറ്റാണ് എന്നും പറയില്ല. എന്തിന് പരസ്പരം പോരാടണം, നമുക്ക് ഒരുമിച്ച് നീങ്ങാം.ഇതാണ് ഹിന്ദുത്വ എന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ അഗ്രസീവ് ആകുന്നതിന് പിന്നില്‍ 1000 വര്‍ഷത്തിലേറെയായി യുദ്ധം ചെയ്യുന്ന സമൂഹത്തിലെ ഉണര്‍വ് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ആക്രമണകാരികളാകുന്നത് സ്വാഭാവികമാണ് എന്നും മോഹന്‍ ഭഗവത് പറഞ്ഞു. ചരിത്രത്തിന്റെ ആദ്യകാലം മുതല്‍ ഇന്ത്യ അവിഭക്തമായിരുന്നു. അതേസമയം അടിസ്ഥാന ഹൈന്ദവബോധം മറന്നപ്പോഴെല്ലാം വിഭജിക്കപ്പെട്ടു-അദ്ദേഹം വ്യക്തമാക്കി.