Sorry, you need to enable JavaScript to visit this website.

കരുനാഗപ്പള്ളി ലഹരിക്കടത്ത്; ഇജാസിനെ  പാര്‍ട്ടി പുറത്താക്കി, ഷാനവാസിന് സസ്പെന്‍ഷന്‍

ആലപ്പുഴ- കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസിനെ സിപിഎം പുറത്താക്കി. ലഹരി കടത്തിയ ലോറി ഉടമ ഷാനവാസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗമാണ് ഷാനവാസ്. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വച്ചാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഷാനവാസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്തെന്നും ഇത്തരം വിഷയങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വിശദീകരിച്ചു.
ലഹരികടത്തു കേസില്‍ പിടിയിലായവര്‍ സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗവും വെള്ളക്കിണര്‍ സ്വദേശി സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം എ. ഷാനവാസിന്റെ ലോറിയിലാണ് ഇവര്‍ ലഹരി കടത്തിയത്. പ്രതികളെ അറിയില്ലെന്നാണു ഷാനവാസ് ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നിരുന്നു. ലഹരിക്കടത്തിന് പിടിയിലാകുന്നതിനു നാലുദിവസം മുന്‍പായിരുന്നു ആഘോഷം.
ഞായറാഴ്ചയാണ് ലോറിയില്‍ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ പിടികൂടിയത്. 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. ലോറികളില്‍ സവാള ചാക്കുകള്‍ക്കിടയില്‍ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ജനുവരി ആറിനു കട്ടപ്പന സ്വദേശി പി.എസ്.ജയന് ലോറി വാടകയ്ക്കു നല്‍കിയതാണെന്നാണു ഷാനവാസിന്റെ വിശദീകരണം. ഷാനവാസ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്കു പൊലീസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

Latest News