ഗുവാഹതി - ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഏഴിന് 373 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. മറുപടി പത്തോവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 38 ല്‍ ശ്രീലങ്ക പരുങ്ങുകയാണ്. രണ്ടു വിക്കറ്റും മുഹമ്മദ് സിറാജിനാണ്. ആവിഷ്‌ക ഫെര്‍ണാണ്ടോയും (5) കുശാല്‍ മെന്‍ഡിസുമാണ് (0) പുറത്തായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (67 പന്തില്‍ 83) ശുഭ്മാന്‍ ഗില്ലും (60 പന്തില്‍ 70) ഓപണിംഗ്് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം വിരാട് കോലി (87 പന്തില്‍ 113) ആഞ്ഞടിച്ചു. രണ്ട് ജീവന്‍ കിട്ടിയത് കോലി പരമാവധി മുതലാക്കി. 52ലും 81ലും കോലിയെ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. ഓപണര്‍മാര്‍ 19.4 ഓവറില്‍ 143 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ചെറിയ ഇടവേളയില്‍ പുറത്തായപ്പോഴാണ് കോലി കടിഞ്ഞാണേറ്റെടുത്തത്. ഒരു സിക്‌സറും 12 ബൗണ്ടറിയുമുണ്ട് കോലിയുടെ ഇന്നിംഗ്‌സില്‍. കോലിയുടെ നാല്‍പത്തഞ്ചാം ഏകദിന സെഞ്ചുറിയാണ് ഇത്. 73ാം രാജ്യാന്തര സെഞ്ചുറിയും. കസുന്‍ രജിതയാണ് കോലിയെ പുറത്താക്കിയത്, നാല്‍പത്തൊമ്പതാം ഓവറില്‍. നേരത്തെ രണ്ടു തവണ രജിത നിര്‍ഭാഗ്യവാനായിരുന്നു. രജിത ഒരുക്കിയ അവസരത്തില്‍ വിക്കറ്റ്കീപ്പര്‍ കുശാല്‍ മെന്‍ഡിസും ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും മുന്‍ നായകനെ കൈവിട്ടു.
നാലാം ഓവറില്‍ അരങ്ങേറ്റക്കാരനായ ഇടങ്കൈയന്‍ പെയ്‌സ്ബൗളര്‍ ദില്‍ഷന്‍ മധുശങ്കയെ ഗില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി കടത്തിയതോടെയാണ് ഇന്ത്യ കുതിപ്പാരംഭിച്ചത്. രജിതയെ രോഹിത് രണ്ട് സിക്‌സറിനും ഒരു ബൗണ്ടറിക്കും പായിച്ചു. ബൗണ്ടറിയോടെ 41 പന്തിലാണ് രോഹിത് അര്‍ധ ശതകം പിന്നിട്ടത്. തൊട്ടുപിന്നാലെ 51 പന്തില്‍ ഗില്ലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് ദുനിത് വെലലാഗെയെ ഗില്‍ തുടര്‍ച്ചയായി മൂന്നു തവണ അതിര്‍ത്തി കടത്തി. അടുത്ത ഓവറില്‍ ഓപണറെ ഷാനക വിക്കറ്റിന് മുന്നില്‍ കുടുക്കി. രോഹിതിനെ മധുശങ്കയും പുറത്താക്കി. കോലി സുദീര്‍ഘമായ സെഞ്ചുറി വരള്‍ച്ച നേരിട്ട ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് മൂന്നക്കത്തിലെത്തുന്നത്