ജാംനഗർ / ന്യൂദൽഹി - ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കിയ മോസ്കോ-ഗോവ അന്താരാഷ്ട്ര വിമാനം 'അസൂർ എയർ' സുരക്ഷിതമെന്ന് അധികൃതർ. നീണ്ട സുരക്ഷാ പരിശോധനയിൽ വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒന്നും എൻ.എസ്.ജിക്ക് കണ്ടെത്താനായില്ലെന്നാണ് അധികൃതർ അറിയിച്ചത്.
മുഴുവൻ യാത്രക്കാരുടെയും ബാഗുകളും ലഗേജുകളുമെല്ലാം പരിശോധിച്ചതായി ജാംനഗർ എസ്.പി വ്യക്തമാക്കി. ഇന്ന് രാവിലെ പത്തരക്കും 11നും ഇടയിൽ വിമാനം വീണ്ടും പറന്നുയരുമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്.
വിമാനത്തിൽ 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉള്ളത്. ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ രാത്രി 9.49ഓടെ വിമാനം ജാംനഗറിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. തുടർന്ന് എല്ലാ യാത്രക്കാരെയും ഇറക്കി വിമാനം ഐസൊലേഷൻ ബേയിലാക്കി രാത്രിയും പുലർച്ചെയുമായി ഇതുവരെയും പരിശോധിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇത് വ്യാജമാകാമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വാസ്കോ സലിം ഷെയ്ഖ് പറഞ്ഞു.
മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യൻ അധികൃതർ എംബസിയെ അറിയിച്ചതായി റഷ്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. ഗോവ എയർ ട്രാഫിക് കംട്രോളിനായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡും അഗ്നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.