Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്നാം റാങ്കുകാർ ഇല്ലാതെ പ്ലേഓഫ്

മുംബൈ - പ്രാഥമിക റൗണ്ടിൽ ഏറ്റവുമധികം റൺസെടുത്ത ബാറ്റ്‌സ്മാനും വിക്കറ്റെടുത്ത ബൗളറുമില്ലാതെ ഐ.പി.എല്ലിന്റെ പ്ലേഓഫ് ഇന്നാരംഭിക്കും. ഇന്ന് ആദ്യ ക്വാളിഫയറിൽ ഒന്നാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഫൈനലിലെത്തും. നാളെ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും മാറ്റുരക്കും. 
ക്വാളിഫയറിൽ തോൽക്കുന്ന ടീം എലിമിനേറ്ററിൽ ജയിക്കുന്ന ടീമുമായി മത്സരിച്ച് രണ്ടാം ഫൈനലിസ്റ്റുകളെ നിശ്ചയിക്കും.
റൺകൊയ്ത്തിൽ ഒന്നാം സ്ഥാനക്കാരനായ റിഷഭ് പന്തിന്റെ ദൽഹി ഡെയർഡെവിൾസും വിക്കറ്റ്‌വേട്ടയിൽ ഒന്നാമനായ ആൻഡ്രൂ ടൈയുടെ പഞ്ചാബ് സൂപ്പർ കിംഗ്‌സും പ്ലേഓഫിലേക്ക് മുന്നേറിയിട്ടില്ല. റിഷഭിന് 14 കളികളിൽ 684 റൺസുണ്ട്. മൂന്നാം സ്ഥാനക്കാരനായ പഞ്ചാബ് ഓപണർ കെ.എൽ രാഹുൽ (659) പ്ലേഓഫ് മത്സരങ്ങൾക്കുണ്ടാവില്ല. അതോടെ രണ്ടാം സ്ഥാനക്കാരനായ കെയ്ൻ വില്യംസന് (661) ടോപ്‌സ്‌കോറർക്കുള്ള ഓറഞ്ച് കാപ് സ്വന്തമാക്കാൻ അവസരമുണ്ട്. 
ബൗളിംഗിൽ ആദ്യ അഞ്ച് സ്ഥാനക്കാരും പ്ലേഓഫിനില്ല -ടൈ (24 വിക്കറ്റ്), ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഉമേഷ് യാദവ് (20), ദൽഹി ഡെയർഡെവിൾസിന്റെ ട്രെന്റ് ബൗൾട് (18), മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ഡ്യ (18), ജസ്പ്രീത് ബുംറ (17) എന്നിവർ. പ്ലേഓഫ് കളിക്കുന്നവരിൽ ഹൈദരാബാദിന്റെ സിദ്ധാർഥ കൗളും (17) റാഷിദ് ഖാനുമാണ് (16) മുന്നിൽ. കൊൽക്കത്തയുടെ സുനിൽ നരേനും 16 വിക്കറ്റുണ്ട്.
 മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ ക്വാളിഫയർ. ഹൈദരാബാദും ചെന്നൈയും തമ്മിൽ റൺനിരക്കിന്റെ നേരിയ വ്യത്യാസമേയുള്ളൂ. ഇതേ സ്റ്റേഡിയത്തിൽ തന്നെ 27 ന് ഫൈനലും അരങ്ങേറും. രണ്ട് എലിമിനേറ്ററുകളും കൊൽക്കത്തയിലാണ്. 
ലീഗ് ഘട്ടത്തിൽ രണ്ടു കളിയിലും ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചിരുന്നു. കൊൽക്കത്തക്കെതിരായ രണ്ടു കളിയിലും രാജസ്ഥാൻ തോറ്റു. ഫോമിലല്ല ഹൈദരാബാദ് പ്ലേഓഫിനൊരുങ്ങുന്നത്. അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ അവർക്ക് തോൽവിയായിരുന്നു. ഈ മാസം 10 ന് ദൽഹി ഡെയർഡെവിൾസിനെ തോൽപിച്ച് പ്ലേഓഫ് ഉറപ്പിച്ചശേഷം ഹൈദരാബാദ് ജയിച്ചിട്ടില്ല. ഏറ്റവും മികച്ചതായി വിലയിരുത്തപ്പെട്ട അവരുടെ ബൗളിംഗും കാറ്റൊഴിഞ്ഞതുപോലെ തോന്നി. 
തുടർച്ചയായ ആറ് വിജയങ്ങളുമായി മുന്നേറുകയായിരുന്ന ഹൈദരാബാദിനെ മെയ് 13 ന് പിടിച്ചുകെട്ടിയത് ചെന്നൈയായിരുന്നു. ഹൈദരാബാദ് ബാറ്റിംഗിന്റെ ഭാരം മുഴുവൻ ചുമലിലേറ്റുന്നത് ക്യാപ്റ്റൻ വില്യംസനും ശിഖർ ധവാനുമാണ്. മനീഷ് പാണ്ഡെ ഉൾപെടുന്ന മധ്യനിര പൊതുവെ പരാജയമാണ്. അമ്പാട്ടി രായുഡുവാണ് ചെന്നൈയുടെ അപകടകാരി. ഹൈദരാബാദിനെതിരെ ആദ്യ മത്സരത്തിൽ പുറത്താവാതെ 79 റൺസും രണ്ടാമത്തെ കളിയിൽ സെഞ്ചുറിയുമടിച്ചിരുന്നു രായുഡു. ഷെയ്ൻ വാട്‌സൻ, ക്യാപ്റ്റൻ മഹേന്ദ്ര ധോണി എന്നിവരും ബാറ്റിംഗിൽ കരുത്തു കാട്ടി. ലുൻഗി എൻഗിഡി നയിക്കുന്ന ചെന്നൈയുടെ ബൗളിംഗ് നിരയും മികച്ചതാണ്. 
ഇന്ന് ആദ്യ ക്വാളിഫയറിന് മുമ്പ് വനിതകളുടെ എക്‌സിബിഷൻ മത്സരവും അരങ്ങേറും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മത്സരം രാവിലെ 11.30 ന് ആരംഭിക്കും. 
 

Latest News