ബംഗളൂരു - ബോർഡിംഗ് പാസെടുത്ത അമ്പതിലേറെ യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നതിൽ പ്രതിഷേധം. ഇന്നലെ ബംഗളൂരുവിൽ നിന്ന് ദൽഹിയിലേക്ക് തിരിച്ച ഗോ ഫസ്റ്റ് വിമാനത്തിനാണ് പിഴവ് സംഭവിച്ചത്. വിമാനത്താവളത്തിലെ ചെക്കിംഗ് നടപടികളെല്ലാം പൂർത്തീകരിച്ച യാത്രക്കാർ ട്വിറ്ററിലൂടെ കടുത്ത പ്രതിഷേധം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് തെറ്റു പറ്റിയതിൽ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ഗോ ഫസ്റ്റ് വിമാനക്കമ്പനി അധികൃതർ.
വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് യാത്രക്കാർ വിമാനം കയറാനായി ബസിൽ റൺവേയിലേക്കെത്തിയതെങ്കിലും അപ്രതീക്ഷിതമായി വിമാനം പറന്നുയർന്നതോടെ യാത്രക്കാർ കുടുങ്ങുകയായിരുന്നു. വിമാനത്താവളത്തിലെയും വിമാനക്കമ്പനിയുടെയും ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ നിരവധി ഉപയോക്താക്കളാണ് വീഡിയോ പങ്ക് വെച്ചത്.
യാത്രക്കാരുടെ ലഗേജുമായി പറന്നുയർന്ന വിമാനം യാത്രക്കാരെ കൊണ്ടുപോകാൻ മറന്നുവെന്നും തങ്ങൾ വല്ലാതെ വലഞ്ഞുവെന്നും അവർ വീഡിയോകളിൽ പറഞ്ഞു. 54 യാത്രക്കാർ ഫൈനൽ ബോർഡിൽ അവശേഷിക്കവെ ഗോ ഫസ്റ്റ് ജി8 116 വിമാനമാണ് ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയത്. ബോർഡിംഗ് പാസ്സുള്ളവരും ലഗേജുകൾ ചെക്ക് ഇൻ ചെയ്തവരുമായ യാത്രക്കാർ റൺവേയിൽ ബസിൽ കുടുങ്ങുകയായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ വിമാനക്കമ്പനി യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചതായി ഒഫീഷ്യലുകൾ പ്രതികരിച്ചു.