മലപ്പുറം-തമിഴ്നാട് നാഗര്‍കോവിലില്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയയാള്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി അഴകിയ പാണ്ടിപുരം സ്വദേശി റഷീദാണ് (48) അറസ്റ്റിലായത്. പൂക്കോട്ടുംപാടം ചുള്ളിയോട് നിന്നു വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു വരികയായിരുന്നു ഇയാള്‍.
2005-ല്‍ കന്യാകുമാരി നാഗര്‍കോവിലില്‍ ഭൂതപാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കൊലപാതകം.
രണ്ടു മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന പ്രശ്‌നത്തെ തുടര്‍ന്നു ഒരു വിഭാഗം എതിര്‍ വിഭാഗത്തിലെ രണ്ടുപേരെ ഒരേ ദിവസം രണ്ടിടങ്ങളിലായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇവയിലൊന്നില്‍ മൂന്നാം പ്രതിയും രണ്ടാമത്തേതില്‍ ആറാം പ്രതിയുമായറഷീദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ശേഷം മലപ്പുറത്തെത്തിയ പ്രതി ചുള്ളിയോട് നിന്നു വിവാഹം കഴിച്ചു. ടാപ്പിംഗ് ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് ജോലി തേടി വിദേശത്തേക്കു പോയി. അടുത്തിടെയാണ് തിരിച്ചു നാട്ടിലെത്തിയത്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൂക്കോട്ടുപാടം സിഐ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു എസ്‌ഐമാരായ എം. അസൈനാര്‍, ശശികുമാര്‍, എസ്.സി.പിഒമാരായ ശ്യാംകുമാര്‍, സൂര്യകുമാര്‍, അജീഷ്, ലിജീഷ്, നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വിവരമറിഞ്ഞു പൂക്കോട്ടുംപാടത്തെത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കാനായി പ്രതിയെ ഏറ്റുവാങ്ങി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)