Sorry, you need to enable JavaScript to visit this website.

പ്രതിമക്ക് നായനാരുടെ  മുഖഛായയില്ലെന്നത് വിവാദമായി

കണ്ണൂരിലെ നായനാർ അക്കാദമിയിൽ സ്ഥാപിച്ച നായനാരുമായി രൂപ സാദൃശ്യം ഇല്ലാത്ത പ്രതിമ 

കണ്ണൂർ - കണ്ണൂരിലെ നായനാർ അക്കാദമിയിൽ സ്ഥാപിച്ച ഇ.കെ.നായനാരുടെ പൂർണകായ പ്രതിമയ്ക്കു നായനാരുമായി  രൂപസാദൃശ്യമില്ലെന്ന സംഭവം വിവാദമാവുന്നു. കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാവരണം ചെയ്തത്. പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 
ഏത് ചിത്രകാരനും എളുപ്പം വഴങ്ങുന്ന രൂപമാണ് നായനാരുടേത്. എന്നിട്ടും പ്രതിമയ്ക്കു നായനാരുടെ മുഖഛായയില്ലെന്നതാണ് വിവാദമായത്. പാർട്ടി അനുഭാവികൾ തന്നെ ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ ഉയർത്തിക്കൊണ്ടു വന്നു കഴിഞ്ഞു. ഏറ്റവുമധികം കാലം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരുന്ന ഇ.കെ.നായനാർ കക്ഷി ഭേദമെന്യേ ജനമനസ്സുകളിൽ ഇടം നേടിയ നേതാവാണ്.അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമ്പോൾ അത് ഏറ്റവും പൂർണതയുളളതായിരിക്കണമെന്നത് തർക്കമറ്റ വിഷയമാണ്. മാത്രമല്ല, നായനാർ അക്കാദമി സ്ഥാപിക്കുന്നതിനായി പൊതുജനങ്ങളാണ് മൂന്നു തവണയായി 28 കോടിയോളം രൂപ സംഭാവനയായി നൽകിയത്. നായനാരുടെ കുടുംബവും പ്രതിമ പൂർണതയുള്ളതാവണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം നായനാരുടെ പത്‌നി ശാരദ ടീച്ചർ ഉദ്ഘാടനത്തിനു മുമ്പു തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഒരു കാര്യം മാത്രമാണ് താൻ പാർട്ടി ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും ടീച്ചർ പറഞ്ഞിരുന്നു. 
ജയ്പൂരിൽ വെച്ചാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. തിരുവല്ല സ്വദേശിയും ശിൽപകലാ വിഭാഗം അധ്യാപകനുമായ തോമസ് ജോൺ കോവൂരിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ സർവകലാശാലയില ശിൽപ വിഭാഗമാണ് നായനാരുടെ പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒമ്പതര അടി ഉയരവും 800 കിലോ ഭാരവുമുള്ള വെങ്കല പ്രതിമയാണ് തയ്യാറാക്കിയത്. പ്രതിമയിലെ നായനാരുടെ മുഖം ചീർത്ത നിലയിലാണ്. മാത്രമല്ല, ഒരു ഭാഗത്തു നിന്നും നോക്കുമ്പോൾ യാതൊരു ഛായയും തോന്നുന്നില്ലെന്നും പരാതിയുണ്ട്. 
കേരളത്തിലെ ശിൽപികളുടെ നാടായ കുഞ്ഞിമംഗലം കണ്ണൂരിൽ തന്നെയാണ്. ഇ.എം.എസ്, എ.കെ.ജി മുതൽ ഇമ്പിച്ചി ബാവ വരെയുള്ള ആദ്യകാല നേതാക്കളുടെ പ്രതിമകളുടെ നിർമ്മാണം കുറ്റമറ്റതായി പൂർത്തിയാക്കിയത് കുഞ്ഞിമംഗലത്തെ ശിൽപികളാണ്. ദില്ലി എ.കെ.ജി സെന്ററിലും ലോക്‌സഭാ ഹാളിലും സ്ഥാപിച്ച എ.കെ.ജിയുടെ ജീവൻ തുടിക്കുന്ന പൂർണകായ പ്രതിമകൾ നിർമ്മിച്ചത് കുഞ്ഞിവെങ്കലത്തെ ശിൽപി നാരായണൻ മാസ്റ്ററാണ്. ഇദ്ദേഹത്തിന്റെ മകൻ ചിത്രൻ കുഞ്ഞിമംഗലം അറിയപ്പെടുന്ന യുവ ശിൽപിയാണ്. ഉണ്ണി കാനായി അടക്കം നിരവധി ശിൽപികൾ പയ്യന്നൂരിലുണ്ട്. ഇവരെയൊന്നും പരിഗണിക്കാതെയാണ് ശിൽപ നിർമ്മാണം രാജസ്ഥാനിലാക്കിയത്. 
വരും തലമുറ ഇ.കെ.നായനാരെ അറിയുക യാതൊരു സാദൃശ്യവുമില്ലാത്ത ഇത്തരം പ്രതികളിലൂടെയാവും എന്നതിനാൽ ഇത് അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. എന്നാൽ വളരെ ഉയരത്തിലായതിനാൽ പ്രതിമയുടെ യഥാർഥ കാഴ്ച കിട്ടാത്തതാണ് ഇത്തരം സംശയത്തിനു കാരമമെന്നാണ് മറു വാദം. താഴെ നിന്നു മുകളിലേക്കു നോക്കുമ്പോഴാണ് രൂപ സാദൃശ്യമില്ലായ്മ പ്രകടമാവുന്നതെന്നാണ് പറയുന്നത്. 

 

Latest News