സുൽത്താൻ ബത്തേരി - വയനാട് ബത്തേരിയിൽ മയക്കുവെടിയിലൂടെ തളച്ച ആന വെറ്ററിനറി സർജൻ അരുൺ സഖറിയയെ ആക്രമിച്ചു. വെടിയേറ്റ് മയങ്ങിയ ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. അർധമയക്കത്തിലിരിക്കെയാണ് ആന ആക്രമിച്ചത്. സഹപ്രവർത്തകർ ചേർന്നാണ് ഡോക്ടറെ രക്ഷിച്ചത്. ഡോക്ടറുടെ കാലിനാണ് പരിക്കേറ്റത്.
ബത്തേരി ടൗണിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ വിറപ്പിച്ച് വിലസിയ കാട്ടുകൊമ്പൻ പിഎം 2വിനെവനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ഒൻപതോടെയാണ് തളച്ചത്.കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ച് വനപാലകർ മയക്കുവെടി വയ്ക്കുകയായിരുന്നു.
ജനവാസ മേഖലയിലും വനമേഖലയിലും ഇടയ്ക്കിടെ ഭീഷണി ഉയർത്തിയ ആനയെ രണ്ട് മൂന്ന് ദിവസമായി വനം വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെ, ഇതോടൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ദൗത്യം സങ്കീർമണമാക്കിയിരുന്നു.
തമിഴ്‌നാട് വനസേന ഗൂഡല്ലൂർ വനമേഖലയിൽനിന്ന് മയക്കുവെടി വെച്ച് വീഴ്ത്തി റേഡിയോ കോളർ ഘടിപ്പിച്ച് ഊട്ടി വനമേഖലയിൽ വിട്ട ആന കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളിയാഴ്ച പുലർച്ചെ സുൽത്താൻ ബത്തേരിയിൽ എത്തിയത്. ആനയെ മയക്കുവെടിവെക്കാൻ ഉത്തരവിടുന്നത് വൈകിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തെ വനം മന്ത്രി എ.കെ ശശീന്ദ്രൻ അഭിനന്ദിച്ചു.