ബ്രസീലിയ- ബ്രസീൽ പാർലമെന്റിനും സുപ്രീം കോടതിയ്ക്കും നേരെ ആക്രമണം. മുൻ പ്രസിഡന്റ് ബൊൽസൊനാരോയുടെ അനുകൂലികളാണ് സംഭവത്തിന് പിന്നിൽ. പ്രസിഡന്റ് ലൂല ഡസിൽവയുടെ കൊട്ടാരവും ആക്രമിച്ചു.മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല ഡ സിൽവ പ്രതികരിച്ചു. കലാപം നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ജനുവരി ഒന്നിനാണ് ബ്രസീൽ പ്രസിഡന്റായി ലുല ചുമതലയേറ്റത്. തോൽവി അംഗീകരിക്കാൻ തയ്യാറാകാതെ ജൈർ ബൊൽസൊനാരോ രാജ്യം വിട്ടിരുന്നു. ബൊൽസൊനാരോ ഇപ്പോൾ ഫ്‌ളോറിഡയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വർഷം മുമ്പ് അമേരിക്കയിൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഉണ്ടായിരിക്കുന്നത്. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റോൾ ആക്രമിക്കുകയായിരുന്നു.