റിയാദ്- സൗദിയിൽ നടന്ന വ്യാപക റെയ്ഡിൽ ഒരാഴ്ചയ്ക്കിടെ 14,000 ലേറെ നിയമ ലംഘകർ അറസ്റ്റിലായി. സൗദിയുടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 8058 ഇഖാമ നിയമ ലംഘകരും, 4283 നുഴഞ്ഞു കയറ്റക്കാരും, 2399 തൊഴിൽ നിയമ ലംഘകരും അടക്കം 14,740 പേർ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 832 പേരും നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 15 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 61 പേരും അറസ്റ്റിലായി.
നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 1635 വനിതകൾ അടക്കം 34,103 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 11,762 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.