ഖമീസ് മുഷൈത്ത്- ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം നിര്യാതനായ മലപ്പുറം നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി സൈനുൽ ആബിദ്(50)ന്റെ മൃതദേഹം മറവു ചെയ്തു. വൈകീട്ട് നാലിന് ഖമീസ് മുഷൈത്ത് മസ്ജിദ് നംലയിൽ നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മസ്ലൂം ഖബർസ്ഥാനിൽ മറവ് ചെയ്തു. പതിനാറ് വർഷങ്ങളായി ഖമീസ് മുഷൈത്തിൽ ബക്കാല ജീവനക്കാരനായിരുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ഒൻപത് മാസമായി. തുടർന്ന് ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ഖമീസ് മുഷൈത്ത് മദനി ഹോസ്പിറ്റലിൽ (ജനറൽ) എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖമീസ് ജനറൽ പോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സലീം കൽപ്പറ്റ,അഷ്‌റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി, തുടങ്ങിയ സാമുഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി.
നിർദ്ധന കുടുംബത്തിന്റെ ആശ്രയമായിരുന്ന സൈനുൽ ആബിദിന്റെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ഭാവി സുരക്ഷയ്ക്കായ് പ്രവർത്തനം ആരംഭിക്കാൻ തയ്യാറാവുകയാണ് ഖമീസിലെ സാമൂഹ്യ പ്രവർത്തകരും സുഹൃത്തുക്കളും. കക്കാട്ടുമ്മൽ ഹംസയുടെയും ബീവിയുടേയും മകനാണ് സൈനുൽ ആബിദ്. ഭാര്യ: ലൈല കബീറത്ത്.മക്കൾ: നാഷിദ, നാഫി.സഹോദരൻ അയ്യൂബ്.