റിയാദ്- മണൽ കുന്നുകൾ തടയിട്ട് നിലച്ചുപോയ അൽറുമ്മ അരുവി പതിനാല് വർഷത്തിന് ശേഷം ഒഴുകി. മദീനയുടെ ഒരറ്റത്ത് നിന്ന് ഹായിൽ അതിരിട്ട് ഒഴുകിയെത്തിയ ആ നീരുറവയെ അൽഖസീം പ്രവിശ്യക്കാർ ആഹ്ലാദത്തോടെ എതിരേറ്റു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്നാണ് സൗദി താഴ്‌വരകളുടെ ശൈഖ് എന്നറിയപ്പെടുന്ന വാദി റുമ്മ വീണ്ടും ഓർമകളുടെ മണൽപരപ്പിലൂടെ ഒഴുകി വന്നത്.
ഹൈവേയിലെ പാലം മുറിച്ച് കടന്നെത്തി നബ്ഹാനിയയിൽ നിന്ന് ഖൈസൂമയിലേക്ക് ഒഴുകുന്ന അപൂർവ കാഴ്ചക്ക് അൽഖസീമുകാർ സാക്ഷിയായി. വാഹനങ്ങളിൽ കുടുംബത്തോടൊപ്പം എത്തി വെള്ളത്തിന്റെ ഒഴുക്കും മഴ ചാറ്റലും അവർ ആസ്വദിച്ചു. ട്രാഫിക് നിയന്ത്രണത്തിന് പോലീസും സൈനികരുമടക്കം എല്ലാ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരും രംഗത്തെത്തി. നാലു വർഷം മുമ്പ് 2008ലാണ് വാദി അൽറുമ്മയിൽ അവസാനമായി വെള്ളം നിറഞ്ഞത്. അന്ന് ഖസീം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. പക്ഷേ ഒഴുക്കുണ്ടായിരുന്നില്ലെന്ന് കാലാവസ്ഥ നിരീക്ഷകനായ ഡോ. ഖാലിദ് അൽസആഖ് പറഞ്ഞു.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ അരുവിയായ അൽറുമ്മ നജ്ദ് പീഠഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂ പരിണാമ പ്രതിഭാസങ്ങളിലൊന്നാണ്. വിവിധ പോഷകനദികളുമായി ബന്ധിച്ച് സങ്കീർണമായ പാറക്കെട്ടുകളിലൂടെയും മണൽപരപ്പിലൂടെയുമാണ് ഇത് ഒഴുകിവരുന്നത്.
ഹായിലിന്റെ തെക്ക്, മദീനയുടെ പടിഞ്ഞാർ, റിയാദിന്റെ വടക്ക് പടിഞ്ഞാർ അതിരിട്ട് നിൽക്കുന്ന വാദി അൽറുമ്മയുടെ സിംഹഭാഗം സ്ഥിതി ചെയ്യുന്നത് അൽഖസീം മേഖലയിലാണ്. സമുദ്ര നിരപ്പിൽ നിന്ന 1300 മീറ്ററിലധികം ഉയരത്തിലുള്ള മദീനയിലെ കറുത്ത അഗ്നിപർവതങ്ങളിൽ നിന്ന് പടിഞ്ഞാറോട്ട് 600 കിലോമീറ്ററാണിപ്പോഴിതിന്റെ നീളം. ഉക്‌ലത്ത് അൽസുഖൂറിന്റെ പരിസരത്ത് ശരാശരി 2 കിലോമീറ്ററാണ് വീതി. പിന്നീട് അത് അബാനാത്ത് അൽഅഹ്മർ, അബാനാത്ത് അൽഅസ്മർ എന്നീ രണ്ട് പർവതങ്ങൾക്കിടയിൽ ഏകദേശം 3 കിലോമീറ്റർ വരെ പരന്നു കിടക്കുന്നു. തുടർന്ന് മൂന്നര കിലോമീറ്റർ കിലോമീറ്റർ അൽറാസിന്റെ പടിഞ്ഞാർ ഭാഗത്ത് കൂടി ഒഴുകി അൽഖൻഖ ഭാഗത്ത് 300 മീറ്റർ വീതിയിലേക്ക് ചുരുങ്ങും. ശേഷം അൽശഖീഖ മണൽ പരപ്പിലൂടെ ഇഴഞ്ഞു നീങ്ങുന്നു.
ആഗോള കാലാവസ്ഥാ വ്യതിയാനം ഈ വാദിയെ എപ്പോഴും ബാധിക്കാറുണ്ട്. അറേബ്യൻ ഉപദ്വീപിലെ പ്രധാന താഴ്‌വരകളിലൊന്നാണ് അൽറുമ്മയെന്ന് അൽഖസീം യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്ല അൽമുസ്‌നദ് പറയുന്നു. ആയിരക്കണക്കിന് വർഷങ്ങളോളം മദീനയിൽ നിന്ന് പേർഷ്യൻ ഉൾക്കടലിലേക്ക് 1200 കിലോമീറ്റർ നീളത്തിൽ ഇത് ഒഴുകിയിരുന്നു. പിന്നീട് വരൾച്ചയുടെ ഘട്ടങ്ങളിൽ അതിന്റെ ഒഴുക്ക് നിന്നുപോയി. ഓരോ നൂറു വർഷവും മൂന്നു പ്രാവശ്യമാണ് അതിന്റെ പൂർണ ശേഷിയിൽ പ്രവർത്തിക്കാറുളളത്. 1945, 1982, 1987, 2004, 2008 എന്നീ വർഷങ്ങളിൽ അരുവി പൂർണതോതിൽ ഒഴുകി. 1818ൽ 40 ദിവസവും 1838ൽ 22 ദിവസവും വെള്ളപ്പൊക്കത്തിന് കാരണവുമായി.