ടെക്‌സസ്(അമേരിക്ക)- കേരളത്തിലെ കാസർക്കോട് ബീഡി തെറുത്തും ഹോട്ടൽ തൊഴിലാളിയായും ജോലി ചെയ്തിരുന്നയാൾ അമേരിക്കയിൽ ജില്ലാ ജഡ്ജിയായി. 51-കാരനായ സുരേന്ദ്രൻ കെ പട്ടേലാണ് ടെക്‌സസിൽ ജില്ലാ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്‌കൂൾ പഠനം ഉപേക്ഷിച്ചായിരുന്നു സുരേന്ദ്രൻ ബീഡി തെറുപ്പുകാരനയും വീടുകളിലും ഹോട്ടലുകളിലും ദിവസക്കൂലിക്ക് ജോലി ചെയ്തതും.
പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി ഇല്ലാത്തതിനാൽ സുരേന്ദ്രൻ പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. ഒരു വർഷത്തോളം വിവിധ ജോലികൾ ചെയ്തു. പിന്നീട് ഗ്രാമത്തിലെ സുഹൃത്തുക്കളാണ് സുരേന്ദ്രന് പഠിക്കാനുള്ള പണം കണ്ടെത്തി നൽകിയത്. എൽ.എൽ.ബി പൂർത്തിയാക്കിയ സുരേന്ദ്രൻ പിന്നീട് അമേരിക്കയിലേക്ക് പോയി.
ടെക്‌സസിൽ ഈ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ തന്റെ ഉച്ചാരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും തനിക്കെതിരെ ചിലർ നിഷേധാത്മക പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. ഡെമോക്രാറ്റിക് പ്രൈമറിയിലേക്ക് മത്സരിച്ചപ്പോൾ ഞാൻ വിജയിക്കുമെന്ന് സ്വന്തം പാർട്ടി പോലും കരുതിയിരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എനിക്ക് ഇത് നേടാനാകുമെന്ന് ആരും വിശ്വസിച്ചില്ല. എല്ലാവർക്കും നൽകാൻ ഒരു സന്ദേശം മാത്രമേയുള്ളൂ. നിങ്ങളുടെ ഭാവി തീരുമാനിക്കാൻ ആരെയും അനുവദിക്കരുത്. അത് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമായിരിക്കണം- സുരേന്ദ്രൻ പറഞ്ഞു.