സുല്‍ത്താന്‍ ബത്തേരി-വെള്ളിയാഴ്ച പുലര്‍ച്ചെ നഗരത്തില്‍ ഭീതി പരത്തിയ മോഴയാനയെ മയക്കുവെടിവെച്ച് പിടിച്ച് പന്തിയിലാക്കാന്‍ നീക്കം ആരംഭിച്ചു. വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം ആനയില്‍ മയക്കുവെടി പ്രയോഗിക്കുന്നതിനു പുറപ്പെട്ടു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും ദ്രുത പ്രതികരണ സേനാംഗങ്ങളും അടക്കം 150 ഓളം പേരും കുംകിയാനകളും സംഘത്തിലുണ്ട്. ആനയെ വനത്തില്‍ സൗകര്യപ്രദമായ സ്ഥലത്തു കണ്ടെത്തുന്ന മുറയ്ക്കാണ് മയക്കുവെടി പ്രയോഗിക്കുക. മയങ്ങി വീഴുന്ന ആനയെ കുംകിയാനകളുടെ സഹായത്തോടെ വാഹനത്തിലാക്കി മുത്തങ്ങ പന്തിയിലേക്കു മാറ്റും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാസിംഗ് ഉത്തരവായതനുസരിച്ചാണ് ആനയെ മയക്കുവെടിവെച്ച് പിടിക്കുന്നത്.
തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വനം ഡിവിഷനില്‍പ്പെട്ട ദേവാലയിലും സമീപങ്ങളിലുമായി രണ്ടു പേരെ കൊലപ്പെടുത്തുകയും നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത ആനയാണ് ബത്തേരിയില്‍ ഇറങ്ങിയത്.
തമിഴ്നാട് വനസേന ഗൂഡല്ലൂര്‍ വനമേഖലയില്‍നിന്നു മയക്കുവെടി പ്രയോഗിച്ചു വീഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഊട്ടി വനമേഖലയില്‍ വിട്ട ആന കിലോമീറ്ററുകള്‍ താണ്ടിയാണ് ബത്തേരിയില്‍ എത്തിയത്. നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ ആന ഒരു പീടികയുടെ ചുറ്റുമതില്‍ തകര്‍ത്തു. ഒരാളെ ആക്രമിച്ചു. നഗരത്തില്നിന്നുവനസേനയുടെ നേതൃത്വത്തില്‍ തുരത്തിയ ആന ഉള്‍ക്കാട്ടിലേക്കു പോകാതെ കട്ടയാട് വനത്തില്‍ തങ്ങുകയാണ് ചെയ്തത്. ഉള്‍ക്കാട്ടിലേക്കു തുരത്താന്‍ ശ്രമിച്ച വനപാലരുടെ നേരേ ആന ചീറിയടുക്കുകയുമുണ്ടായി.
ആനയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന ആവശ്യമുമായി വിവിധ പാര്‍ട്ടികളും യുവജന സംഘടനകളും ജനപ്രതിനിധികളും ഇന്നലെ സമരത്തിനിറങ്ങി. ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന വിദഗ്ധ സമിതി അടിയന്തര യോഗം ശിപാര്‍ശ ചെയ്തതനുസരിച്ചാണ് ആനയെ വെടിവച്ച് മയക്കി കുംകിയാനകളുടെ സഹായത്തോടെ പന്തിയിലെത്തിക്കാന്‍ ഉത്തരവ് ഇറങ്ങിയത്.