കോട്ടയം- കാത്തുകാത്തിരുന്ന 'ഋ' ചിത്രം റിലീസായി. എങ്കിലും പ്രേക്ഷകർക്ക് വേണ്ടപോലെ കാണാൻ തിയേറ്ററില്ല. ഋ എന്ന ചിത്രത്തിലെ നായിക നയന എൽസയ്ക്കാണ് ഈ സങ്കടം. ബിഗ് ബജറ്റ് ചിത്രങ്ങൾ അപ്രതീക്ഷിതമായി വന്നപ്പോൾ ഋ-യ്ക്കായി ബുക്ക് ചെയ്ത തിയേറ്ററുകൾ പിൻവാങ്ങി. ഇതോടെ ചിത്രം കാണാനുള്ള ഇടം ചുരുങ്ങി.
കൊച്ചിയിൽ താമസിക്കുന്ന നയന ഫോർട്ട് കൊച്ചിയിലെത്തിയാണ് ചിത്രം കണ്ടത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ വരുമ്പോൾ എല്ലാം ശരിയാവുമെന്ന ശുഭപ്രതീക്ഷയിലാണ് നടി. വൈദികൻ സംവിധായകനായ ആദ്യ ചിത്രമാണ് പേരിലും പ്രമേയത്തിലും പ്രത്യേകതയുള്ള ഋ. ഫാ.വർഗീസ് ലാൽ സംവിധാനവും ജോസ് കെ.മാനുവൽ തിരക്കഥയുമെഴുതിയ ചിത്രം കേരളത്തിൽ 60 ഇടങ്ങളിലാണ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
ഷേക്സ്പിയറിന്റെ 'ഒഥല്ലോ' യെ ഉപജീവിച്ച് കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയതാണ് 'ഋ'. ഒരു വൈദികൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ എന്ന വിശേഷണമുള്ള 'ഋ' വിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ് ശിവയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നതെന്ന് വർഗീസ് ലാൽ പറഞ്ഞു. പ്രണയത്തിന് വർണമോ വർഗമോ ഇല്ലെന്നുള്ള ലോക സത്യമാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളോട് ചേർന്നു നിൽക്കുന്നതായി പലപ്പോഴും തോന്നാം.
ഒരു വൈദികന്റെ സംവിധാനം എന്നത് ഷൂട്ടിംഗ് സെറ്റിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ചെറിയ ആശങ്കയുണ്ടായിരുന്നതായി നടി നയന പറഞ്ഞു. പക്ഷേ എല്ലാ ചിത്രീകരണ സ്ഥലവും പോലെയായിരുന്നു ഇവിടെയും. എം.ജി സർവകലാശാല കാമ്പസിൽ ഒരു മാസം കൊണ്ടാണ് ചിത്രം പൂർത്തിയായത്.
രഞ്ജി പണിക്കർ, രാജീവ് രാജൻ, ഡെയിൻ ഡേവിസ്, വിദ്യ, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഷേക്‌സ്പിയർ ആർട്‌സിന്റെ ബാനറിൽ ഡോ.ഗിരീഷ് കുമാർ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ വിനീത് ശ്രീനിവാസനും മഞ്ജരിയും പാടിയ 'കൺകളിലുയിർ' എന്ന ഗാനം ദുൽഖർ സൽമാനാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. വിശാൽ ജോൺസന്റെ വരികൾക്ക് സൂരജ് എസ്.കുറുപ്പ് ഈണമിട്ടു.