റിയാദ്- ശിശുപരിചരണ കേന്ദ്രം സ്ഥാപിക്കാത്ത വാണിജ്യ കേന്ദ്രങ്ങൾക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയ വക്താവ് സൈഫ് സാലിം അൽസുവൈലിം പറഞ്ഞു. 40,000 ചതുരശ്രമീറ്ററും കൂടുതലും വിസ്തീർണമുള്ള വാണിജ്യ കേന്ദ്രങ്ങളെ ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിർബന്ധിക്കുന്ന തീരുമാനം രണ്ടു വർഷം മുമ്പ് മന്ത്രാലയം അംഗീകരിച്ചിരുന്നു. ഈ തീരുമാനം രാജ്യത്തെ 86 ശതമാനം വാണിജ്യ കേന്ദ്രങ്ങളും പാലിച്ചിട്ടുണ്ട്. 40,000 ചതുരശ്രമീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ക്ലോസ്ഡ് ഷോപ്പിംഗ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ശിശുപരിചരണ കേന്ദ്രം ഒരുക്കാത്ത പക്ഷം 5,000 റിയാൽ മുതൽ 25,000 റിയാൽ വരെ പിഴ ചുമത്താൻ നിയമം അനുശാസിക്കുന്നു.
ശിശുപരിചരണ കേന്ദ്രം സ്ഥാപിക്കാൻ വൻകിട ഷോപ്പിംഗ് മാളുകളെയും വാണിജ്യ കേന്ദ്രങ്ങളെയും നിർബന്ധിക്കുന്ന തീരുമാനം നടപ്പാക്കുന്നത് നിരീക്ഷിക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിലെയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. നഗരസഭകളുമായി ഏകോപനം നടത്തി കർമ സമിതി തീരുമാനം നടപ്പാക്കാത്ത ഷോപ്പിംഗ് മാളുകളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും കണക്കുകളെടുക്കുന്നുണ്ട്. വൻകിട ഷോപ്പിംഗ് മാളുകളിൽ ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ നിർബന്ധമാക്കുന്ന തീരുമാനത്തെ കുറിച്ച് പൊതുസമൂഹത്തെയും നിക്ഷേപകരെയും ഉപയോക്താക്കളെയും ബോധവൽക്കരരിക്കാൻ കാമ്പയിനുകളും നടത്തുന്നുണ്ട്. തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നഗരസഭകളുമായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ച് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം സംയുക്ത പരിശോധനകളും നടത്തുന്നുണ്ട്.
മുഴുവൻ മുറികളിലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ് ചില ഷോപ്പിംഗ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രതിബന്ധമായി മാറുന്നത്. ഷോപ്പിംഗ് മാളുകളിൽ ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുറികൾ വാടകക്ക് നൽകിയുണ്ടാക്കിയ കരാറുകളുടെ കാലാവധി അഞ്ചു വർഷവും അതിൽ കൂടുതലുമാണ്. അതുകൊണ്ടു തന്നെ ഇത്തരം മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ശിശുപരിചരണ കേന്ദ്രങ്ങൾക്ക് സ്ഥലങ്ങൾ ലഭ്യമാക്കുക നിലവിൽ ദുഷ്‌കരമാണെന്നും സൈഫ് സാലിം അൽസുവൈലിം പറഞ്ഞു.