ഗ്വാളിയോറില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ഗ്വാളിയോര്‍- മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആന്ധ്ര പ്രദേശ് എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ടു ബോഗികള്‍ക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപ്പിടിച്ചു. ദല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്കു പോകുകയായിരുന്ന ട്രെയ്‌നിന്റെ രണ്ടു എസി കോച്ചുകളിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പുകഉയരുന്നത് കണ്ട ഗാര്‍ഡാണ് ട്രെയ്ന്‍ നിര്‍ത്തിച്ചത്. യാത്രക്കാരെ സുരക്ഷിതമായി മറ്റു കോച്ചുകളിലേക്ക് മാറ്റി. ബി സിക്‌സ് കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. ഇത് ബി സെവന്‍ കോച്ചിലേക്കു പടരുകയായിരുന്നു. ഗ്വാളിയോറിനടുത്ത ബിര്‍ളനഗര്‍ സ്റ്റേഷനു സമീപം ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകരെത്തി തീ അണച്ച ശേഷം ഈ രണ്ടു കോച്ചുകളും ട്രെയ്‌നില്‍ നിന്ന് വേര്‍പ്പെടുത്തി. പിന്നീട് യാത്ര തുടര്‍ന്ന് ട്രെയ്ന്‍ ഗ്വാളിയോര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. 


 

Latest News