മന്ത്രിമാർ ഉൾപ്പെടെയുള്ള പൊതുസേവകരായ ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ എല്ലാ പൗരൻമാർക്കും ബാധകമായ നിയന്ത്രണങ്ങളാണ് ഭരണഘടനയുടെ 19(2) അനുഛേദത്തിൽ പറയുന്നതെന്നും അതിൽ കൂടുതൽ നിയന്ത്രണങ്ങൾ പൊതുസേവകർക്ക് ഏർപ്പെടുത്താനാകില്ലെന്നുമാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിലുള്ളത്.
ഇവിടെ ഒരു പ്രധാന കാര്യം സുപ്രീം കോടതി ഉയർത്തിപ്പിടിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിൽ എല്ലാ പൗരൻമാർക്കുമുള്ള തുല്യാവകാശമാണത്. മന്ത്രിയെന്നോ, അല്ലെങ്കിൽ മറ്റു തലങ്ങളിലുള്ള ജനപ്രതിനിധിയെന്നോ ഉള്ള വ്യത്യാസമോ അതിരുകളോ ഇക്കാര്യത്തിൽ വേണ്ടതില്ലെന്നും മറിച്ച് എല്ലാവരും നിയമത്തിൽ തുല്യരാണെന്നുമുള്ള ബോധം ഉറപ്പിക്കുന്നതാണ് കോടതി വിധി. വ്യക്തികളുടെ സ്ഥാനമാനങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ നിശ്ചയിക്കുന്നത് ഭരണഘടന മൂല്യങ്ങളെ തകർത്തു കളയുമെന്ന് വിധികർത്താക്കൾ കരുതിയിട്ടുണ്ടാകാം.
സുപ്രീം കോടതി വിധി മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും പൊതുസേവകർക്കും എന്തും വിളിച്ചു പറയാനുള്ള ലൈസൻസാണ് നൽകിയതെന്ന് ഇതിന് അർത്ഥമില്ല. അത്തരം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനകളോ നടത്തുമ്പോൾ സ്വയം നിയന്ത്രണം പുലർത്തണമെന്ന കാര്യം കൂടി ഈ വിധി ഓർമപ്പെടുത്തുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ഭരണഘടനാപരമായ പ്രശ്‌നങ്ങൾ മാത്രമാണ് സുപ്രീം കോടതി ഇവിടെ പരിഗണിച്ചത്.
മന്ത്രിയായിരിക്കേ ഉത്തർപ്രദേശിലെ അസംഖാനും കേരളത്തിൽ എം.എം. മണിയും നടത്തിയ വിവാദ പരാമർശങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ നിയന്ത്രണം വേണമെന്ന നിയമ പ്രശ്‌നത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 2016 ൽ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിൽ അമ്മയും മകളും കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിലായിരുന്നു അസംഖാന്റെ വിവാദ പ്രസ്താവന. ഇടുക്കിയിലെ പെമ്പിളൈ ഒരുമ പ്രവർത്തകരായ വനിതകൾക്ക് നേരെയടക്കം മന്ത്രിയായിരിക്കേ വിവിധ സമയങ്ങളിൽ നടത്തിയ വിവാദ പരാമർശങ്ങളാണ് എം.എം. മണിക്കെതിരെയുള്ള നിയമ നടപടികളിലേക്ക് നയിച്ചത്. ഈ രണ്ടു വിവാദങ്ങളും പൊതുസമൂഹത്തിന്റെ അതിരൂക്ഷ വിമർശനം ഏറ്റുവാങ്ങിയതാണെങ്കിലും അതുകൊണ്ട് മാത്രം അഭിപ്രായ സ്വാതന്ത്ര്യത്തെ പരമിതപ്പെടുത്താനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അതേ സമയം ഇത്തരം അഭിപ്രായ പ്രകടനങ്ങൾ കുറ്റകൃത്യത്തിലേക്ക് നയിച്ചാൽ അത് ഭരണഘടന ലംഘനമാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
എല്ലാ വിഷയങ്ങളിലും പൊതുസമൂഹത്തിന്റെ സോഷ്യൽ ഓഡിറ്റിന് വിധേയരാകുന്നവരാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. അവരുടെ രാഷ്ട്രീയ ഭാവി പോലും സമൂഹ മനസ്സിന്റെ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.
അതുകൊണ്ട് തന്നെ പ്രസ്താവനകൾ നടത്തുമ്പോഴും മറ്റും വളരെയധികം ജാഗ്രത പുലർത്തേണ്ടത് അവരുടെ സ്വയം ഉത്തരവാദിത്തമായി മാറുന്നു. ഒരാൾക്ക് ഏത് വിഷയത്തിലും അഭിപ്രായ പ്രകടനം നടത്താൻ അവകാശമുള്ളതു പോലെ തന്നെ അത്തരം അഭിപ്രായ പ്രകടനങ്ങൾ മറ്റുള്ളവരുടെ അന്തസ്സിനെയോ ആത്മാഭിമാനത്തയോ വ്രണപ്പെടുത്താനോ വിദ്വേഷം വളർത്താനോ പാടുള്ളതല്ല. അത്തരം വ്രണപ്പെടുത്തലുകളുണ്ടായാൽ അതിനെ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഏതൊരു വ്യക്തിക്കുമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിര് കടക്കുമ്പോഴെല്ലാം അതിനെ കടിഞ്ഞാണിടാനുള്ള അവകാശം നിയമത്തിലുണ്ട്. പക്ഷേ അത് എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളത് ചിന്തനീയമായ വിഷയമാണ്.
എല്ലില്ലാത്ത നാക്കിന്റെ ബലത്തിൽ എന്തും വിളിച്ചു പറയാനുള്ള അവകാശം ആധുനിക കാലഘട്ടം ആർക്കും നൽകുന്നില്ല. അങ്ങനെ ഉണ്ടാകുമ്പോഴെല്ലാം അതിനെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് സമൂഹം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് വിവാദ പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാർക്ക് ജനരോഷത്തിൽ രാജിവെക്കേണ്ടി വരികയോ അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയേണ്ടി വരികയോ ചെയ്യേണ്ടി വരുന്നത്.
അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും സമാന അഭിപ്രായം പറഞ്ഞപ്പോൾ ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭിന്നവിധിയാണ് രേഖപ്പെടുത്തിയത്. മന്ത്രിമാർ ഔദ്യോഗിക പദവി ഉപയോഗിച്ച് നടത്തുന്ന പ്രസ്താവനകളുടെ പരോക്ഷ ബാധ്യത സർക്കാരിനുണ്ടെന്നായിരുന്നു അവരുടെ വിധി. ഭൂരിപക്ഷ ബെഞ്ച് ഇത് അംഗീകരിച്ചില്ലെങ്കിലും ജസ്റ്റിസ് നാഗരത്‌നയുടെ അഭിപ്രായ പ്രകടനങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ സർക്കാരിന് ഒരു കടിഞ്ഞാണുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ് എന്ന ചിന്ത ഇത് രൂപപ്പെടുത്തുന്നുണ്ട്.
പൊതുസേവകരെന്ന നിലയിൽ മന്ത്രിക്കസേരയിലടക്കം വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ പുലർത്തേണ്ട മാന്യതയും മര്യാദയും പലരും കാണിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. മാത്രമല്ല, വിവിധ വിഷയങ്ങളിൽ വിവാദവും വിദ്വേഷപരവുമായ പ്രസ്താവനകൾ നടത്തി കുടുങ്ങുന്ന മന്ത്രിമാരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരികയാണ്. മന്ത്രിമാർ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ രാജ്യത്ത് കലാപങ്ങളും പരസ്പര വിദ്വേഷങ്ങളും സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നുണ്ട്. മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് പരിമിതി ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി പറയുമ്പോഴും വിദ്വേഷ പ്രസംഗങ്ങൾ അതിരുകടന്ന് കുറ്റകൃത്യത്തിലേക്ക് പോയാൽ അതിനെ ഭരണഘടന ലംഘനമായി കണക്കാക്കുമെന്ന് അസന്ദിഗ്ധമായിത്തന്നെ സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാര്യമായ ചർച്ചകൾ രാജ്യമെമ്പാടും നടക്കുന്ന കാലഘട്ടമാണിത്. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പലപ്പോഴും ഭരണകൂടങ്ങൾ ശ്രമം നടത്താറുണ്ട്. ഭരണകൂടങ്ങൾക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജയിലിലടക്കപ്പെട്ടവരും രാജ്യത്ത് നിരവധിയുണ്ട്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും മഹത്തായ അവകാശങ്ങളിലൊന്നാണ് അഭിപ്രായ സ്വാതന്ത്ര്യം. അധികാരത്തിന്റെ മർക്കട മുഷ്ടിയിൽ ഭരണകൂടം പൗരന്റെ ഭരണഘടനാപരമായ ഈ അവകാശത്തെ ചവിട്ടിമെതിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് നിയമ പ്രശ്‌നങ്ങൾ ഉയർന്നു വന്നത്. സാധാരണ പൗരൻമാരെപ്പോലെ തന്നെയാണ് ജനപ്രതിനിധികളുമെന്ന വിലയിരുത്തൽ ഇക്കാര്യത്തിൽ സുപ്രീം കോടതി നടത്തിയതോടെ ഏതെങ്കിലും തരത്തിലുള്ള പ്രിവിലേജുകൾ അനുഭവിക്കേണ്ടവരാണ് മന്ത്രിമാർ എന്ന ചിന്തയെ കൂടിയാണ് സുപ്രീം കോടതി പൊളിച്ചെഴുതിയത്. എം.എം. മണിക്കെതിരെയുള്ള കേസിൽ പരാതിക്കാരനായ ജോസഫ് ഷൈനിനു വേണ്ടി ഹാജരായ അഭിഭാഷകൻ പോലും കോടതിയിൽ പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നില്ലെന്നാണ്. മറിച്ച,് അഭിപ്രായ സ്വാതന്ത്ര്യമെന്നത് വിദ്വേഷ പ്രസംഗത്തിനുള്ള സ്വാതന്ത്ര്യമാകരുതെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്.
ആളുകളുടെ പദവികൾക്കനുസരിച്ച് നിയന്ത്രണങ്ങളോ അയവോ വരുത്താനുള്ളതല്ല ജനാധിപത്യ മൂല്യത്തിൽ അധിഷ്ഠിതമായ അഭിപ്രായ സ്വാതന്ത്ര്യമെന്ന ശക്തമായ സന്ദേശമാണ് ഈ സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി ഉയർത്തിക്കാണിച്ചിട്ടുള്ളത്.
വിധി മറ്റൊന്നായിരുന്നെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച സങ്കീർണമായ നിയമ പ്രശ്‌നങ്ങൾക്ക് അത് കാരണമാകുമായിരുന്നു.