ന്യൂദല്‍ഹി- ഗാന്ധി ജയന്തി ദിവസം വെജിറ്റേറിയന്‍ ദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വെയ്ക്കു പദ്ധതി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് ഒരു ട്രെയ്‌നിലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പില്ലെന്നു പദ്ധതി രേഖ പറയുന്നു. ഇതു നടപ്പിലാക്കുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ മാസമാണ് റെയില്‍വെ ബോര്‍ഡ് വിവിധ റെയില്‍വെ സോണ്‍ ആസ്ഥാനങ്ങള്‍ക്കു അയച്ചത്. മഹാത്മാ ഗാന്ധി ജയന്തിയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റെയില്‍വെയുടെ പുതിയ പദ്ധതി. ട്രെയ്‌നുകളിലും സ്റ്റേഷനുകളിലും ഈ ദിവസം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമെ നല്‍കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ പദ്ധതി അംഗീകരിക്കപ്പെട്ടാല്‍ ഒക്ടോബര്‍ രണ്ടിന് വെജിറ്റേറിയന്‍ ദിനം കുടി ആചരിക്കേണ്ടിവരും. ഇപ്പോള്‍ ഗാന്ധി ജയന്തിക്കു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ദിവസ് ആയും ഒക്ടോബര്‍ രണ്ട് ആചരിച്ചു പോരുന്നുണ്ട്.
വെജിറ്റേറിയന്‍ ദിനാചരണത്തിനു പുറമെ മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയുടെ വാര്‍ഷിക ദിനമായ മാര്‍ച്ച് 12-ന് സബര്‍മതിയി പ്രത്യേക ഉപ്പു വണ്ടി ഓടിക്കാനും റെയില്‍വെയ്ക്കു പദ്ധതിയുണ്ട്. അതേസമയം ഗാന്ധി ജയന്തിയുടെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ ഏകോപിപ്പിക്കുന്ന സാംസ്‌കാരിക മന്ത്രാലയത്തിന്റെ അന്തിമ അനുതി ലഭിച്ചാലെ ഈ പദ്ധതി നടപ്പിലാകൂ.